അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവ ത്തിന് സമാരംഭം കുറിച്ചു. ആദ്യ ദിവസം അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച സുവീരന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’ അരങ്ങിലെത്തി.
ഉദ്ഘാടന ദിവസം തന്നെ കെ. എസ്. സി. അങ്കണത്തില്‍ തിങ്ങി നിറഞ്ഞ ജനങ്ങള്‍ നാടകത്തെ ഹര്‍ഷാരവ ത്തോടെയാണ് വരവേറ്റത്. നാടകത്തിന്‍റെ ഏറ്റവും പുതിയ രീതിയില്‍ രൂപ പ്പെടുത്തിയ ഈ കലാ സൃഷ്ടി യു. എ. ഇ. യിലെ നാടക പ്രേമികള്‍ക്ക് ആവേശം കൊള്ളിക്കുന്ന തായിരുന്നു.
ബൈബിളിന്‍റെ പശ്ചാത്തല ത്തില്‍ എഴുതപ്പെട്ട ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. നോവലിന്‍റെ സത്ത ചോര്‍ന്നു പോകാതെ മികച്ച ദൃശ്യഭംഗി ഒരുക്കി തയ്യാറാക്കിയ നാടക ത്തിലെ ഓരോ കഥാപാത്ര ങ്ങളും ഒന്നിനൊന്നു മെച്ചമായി.
തോമ, യാക്കോബ് എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒ. റ്റി. ഷാജഹാന്‍, വല്ല്യപ്പനായി വന്ന ചന്ദ്രഭാനു, യോഹന്നാന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച ടി. പി. ഹരികൃഷ്ണ, യോഹന്നാന്‍റെ യുവത്വം അവതരിപ്പിച്ച സജ്ജാദ്, റാഹേലിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച ഐശര്യ ഗൌരി നാരായണന്‍, റാഹേലിന്‍റെ യുവത്വം അവതരിപ്പിച്ച മാനസ സുധാകര്‍, ആനി, സാറ എന്നീ രണ്ടു കഥാപാത്രങ്ങള്‍ക്ക് വേഷം നല്‍കിയ സ്മിത ബാബു, മറ്റു പ്രധാന വേഷങ്ങള്‍ ചെയ്ത അനുഷ്മ ബാലകൃഷ്ണന്‍, ഷാബു, ഷാബിര്‍ ഖാന്‍ ചാവക്കാട്, പ്രവീണ്‍ റൈസ്‌ലാന്‍റ്, അനൂപ് എന്നിവരുടെ മികച്ച പ്രകടനം നാടകത്തെ കൂടുതല്‍ മികവുറ്റതാക്കി.
അതോടൊപ്പം തന്നെ രംഗപടം ഒരുക്കിയ രാജീവ് മുളക്കുഴ, ബൈജു കൊയിലാണ്ടി, ദീപവിതാനം ചെയ്ത ശ്രീനിവാസ പ്രഭു, ശബ്ദ വിന്യാനം നിര്‍വ്വഹിച്ച ജിതിന്‍ നാഥ്, ആഷിക് അബ്ദുള്ള, മറ്റു അണിയറ പ്രവര്‍ത്ത കരായ അന്‍വര്‍ ബാബു, റാംഷിദ്, നൗഷാദ് കുറ്റിപ്പുറം, അന്‍വര്‍, ഷഫീഖ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തന ങ്ങളിലൂടെ ഈ നാടകത്തിന്‍റെ ദൃശ്യ ഭംഗി കാണികള്‍ക്ക് എത്തിക്കുവാന്‍ സഹായകമായി.
നാടകം കാണുവാന്‍ യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് നാടകാ സ്വാദകരാണ് എത്തിയത്. അബുദാബി യുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നാടക സദസ്സായിരുന്നു ഇത്. കെ. എസ്. സി. അങ്കണം നിറഞ്ഞു കവിഞ്ഞതിനാല്‍ നിരവധി പേര്‍ക്ക് നാടകം കാണുവാന്‍ കഴിയാതെ പോയി.
ഇന്ത്യന്‍ നാടക വേദിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ തന്‍റെ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള, മൂന്നു തവണ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ സുവീരന്‍, സി. വി. ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകം എന്ന മാസ്റ്റര്‍ പീസ് നോവലിന് നാടകാവിഷ്കാരം നല്‍കി അവതരിപ്പിച്ചപ്പോള്‍ ഇവിടുത്തെ നാടക പ്രേമികള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി. (ചിത്രങ്ങള്‍ : റാഫി അയൂബ്, അബുദാബി)