ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ഒമാനിലെ വിവിധപ്രവശ്യകളിലെയും അടിസ്ഥാന സാംസ്കാരിക സത്ത പ്രതിനിധാനം ചെയ്യുന്ന നാടൻകലകൾ ഒരു വേദിയിൽ സമന്വയിക്കുന്ന ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന് കുറം-മർഹാലാന്റിൽ ഈ വരുന്ന 25, 26 തിയ്യതികളിൽ വേദി ഒരുങ്ങുകയാണ്. ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടൻ കലോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളായ നാടൻ കലകളെയും, ഭക്ഷ്യ വൈവിധ്യങ്ങളെയും കരകൗശലവസ്തുക്കളെയും വർഷങ്ങളായി ഇടകലർന്നു ജീവിക്കുന്ന ജനതക്ക് പരസ്പരം അറിയാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഈ ഒരു സംരംഭം നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യാ ഒമാൻ ബന്ധത്തിൽ ഒരു പുതിയ സാംസ്കാരിക മുഖം തുറന്നിടുകയാണെന്ന് ഇടം ജനറൽ സെക്കട്രി ഗഫൂർ വ്യക്തമാക്കി.
ഒട്ടേറെ പ്രത്യേകതകളുള്ള ഈ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാ സാരാഭായിയാണ്. ദേശീയ അവാഡ് ജേതാവായ സിനിമാ സംവിധായകൻ ശ്രീ പ്രിയനന്ദനാണ് പരിപാടിയിലെ മുഖ്യാതിഥി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലകളായ കുറും കുഴൽ,കോൽകളി, പടയണി, ദഫ്മുട്ട്, തെയ്യം, ആദിവാസി നൃത്തം, പൂരക്കളി, ശിങ്കാരി മേളം, മാപ്പിള കോൽക്കളി (കേരള). ഗർബ, ഡാണ്ടിയ (ഗുജറാത്ത്), കുൾവി നട്ടി, ഡുയറ്റ് ഫോക്ക്, ലഹൗലി നൃത്തം (ഹിമാചൽ), കരം, ആദിവാസി നൃത്തം(മധ്യപ്രദേശ്), ദ്രാവിഡ(കേരള തമിൾ ഫോക്ക്), ബംഗ്ഡ (പഞ്ചാബ്), സന്താൾ (ബംഗാൾ), മഞ്ഞുനട്ടി (കർണ്ണാടക), കുറുവഞ്ചി (തമിൾനാട്), നാഗാ നൃത്തം(നാഗാലാന്റ്) തുടങ്ങിയ ഫോക്ക് കലാരൂപങ്ങൾ കൊണ്ട് വൈവിധ്യമാണ്. അതോടൊപ്പം ഒമാനിലെ വിവിധ പ്രവശ്യകളായ മസ്കറ്റ്, ദൊഫാർ, ബുത്തിന, സലാല, ശർക്കിയ്യ തുടങ്ങിയവയുടെ നാടൻ സംഗീത നൃത്ത കലാരൂപങ്ങളും കൂടി വേദിയിൽ എത്തുന്നതോടു കൂടി രണ്ട് സംസ്കാരങ്ങളുടെ തനത് കലകളുടെ സങ്കലനം സാധീകരിക്കപ്പെടുകയാണ്.
വർഷങ്ങളായി ഒമാനിൽ വർദ്ധിച്ചു വരുന്ന ഇന്ത്യൻ വംശജരുടെ സാന്നിദ്ധ്യം ജോലി വാണിജ്യം തുടങ്ങിയ ഭൗതിക ആവശ്യങ്ങളോടൊപ്പം രണ്ട് രാജ്യങ്ങളെടുയും സാംസ്കാരികമൂല്യങ്ങൾ കൂടി ധനാത്മകമായി വിനിമയം ചെയ്യപ്പെടണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനോടുള്ള ഓമാനിലെ ഇന്ത്യക്കാരുടെ ക്രിയാത്മക പ്രതികരണമാണ് ഇന്ത്യൻ അംബാസിഡർ അനിൽ വാദ്വയുടെ നേതൃത്വത്തിൽ ഇടം ഒരുക്കുന്ന ഈ ശ്രമമെന്നും സ്ംഘാടകർ വ്യ്ക്തമാക്കി.
ഇന്ത്യൻ എംബസ്സിയുടെ താത്പര്യാർത്ഥം ഐ.സി.സി,ആർ. അതുപോലെ കേരള ഫോക്കുലോർ അക്കാദമി തുടങ്ങിയ കേന്ദ്ര സംസ്ഥാന സാംസ്കാരിക സ്ഥാപനങ്ങളാണ് ഈ ഒരു വലിയ സംരംഭവുമായി സഹകരിക്കുന്നത്. 70തോളം വരുന്ന ഇന്ത്യൻ ഒമാൻ നാടൻ കലാകാരന്മാരാണ് ഈ ഉത്സവം യാഥാർത്ഥ്യമാക്കുന്നത്. പ്രമുഖ നർത്തകിയും നൃത്യാഞ്ജലി മസ്കറ്റിന്റെ നടത്തിപ്പുകാരിയുമായ പ്രമീള രമേഷും കലാക്ഷേത്രയും സഹകരിച്ചു കൊണ്ട് അവതരിപ്പിക്കുന്ന വിവിധ ഇന്ത്യൻ ഫോക്ക് നൃത്ത രൂപങ്ങളും ഫസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രമുഖ ഫോക്ക് വിദഗ്ദ്ധനും ഗവേഷകനുമായ് ഡോ: നമ്പ്യാരാണ് ഈ പരിപാടിയുടെ സംവിധായകൻ.
പാവപ്പട്ട ഒമാനീ പൗരന്മാരുടെ ക്ഷേമം മുൻ നിർത്തി പ്രവർത്തിക്കുന്ന ദാർ അൽ ഹത്ത എന്ന ജീവകാരുണ്യ സംഘടനക്ക് പരിപാടിയുടെ നീക്കിയിരിപ്പിന്റെ 40 ശതമാനം കൊടുക്കുന്നതിലൂടെ ഒമാൻ പൗരന്മാരുടെ ക്ഷേമ പ്രവർത്തനത്തിലും ഈ ഒരു ഉത്സവത്തിന് ഭാഗമാവാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.
പത്മഭൂഷൺ ഉൾപ്പെടെ ഒട്ടേറെ അവാഡുകൾക്കർഹയായ മല്ലികാ സാരാഭായി, പ്രവാസി ഭാരതീയ പുരസ്കാര ജേതാക്കളായ ശ്രീ വിർമ്മാനി, ഡോ: ആസാദ് മൂപ്പൻ എന്നിവരെയും ഈ ചടങ്ങിൽ വെച്ച് ആദരിക്കപ്പെടുന്നു