അബുദാബി : തലസ്ഥാന നഗരി യിലെ പൊതു ഗതാഗത വകുപ്പിന്റെ ബസ്സുകളില്‍ സ്ക്രീന്‍ ടച്ച് കാര്‍ഡ് സമ്പ്രദായം നടപ്പില്‍ വരുന്നു. ഇതിനു മുന്നോടിയായി സിറ്റിയില്‍ സര്‍വ്വീസ് നടത്തുന്ന ഒട്ടു മിക്ക ബസ്സുകളിലും കാര്‍ഡ് ഉപയോഗിച്ചു പണം അടക്കാനുള്ള മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.
സിറ്റി ബസ്സുകളില്‍ യാത്രക്ക് ഉപയോഗിച്ചിരുന്ന ഒജ്‌റ കാര്‍ഡുകള്‍ ഒരു മാസത്തോളം നിര്‍ത്തി വെച്ചിരുന്നു. നാല്പത് ദിര്‍ഹംസ് നല്‍കി ഒജ്‌റ കാര്‍ഡ് എടുത്താല്‍ അത് സ്ക്രാച്ച് ചെയ്ത ദിവസം മുതല്‍ ഒരു മാസം സിറ്റിയിലെ ഏതു ബസ്സിലും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. ഒരു ദിവസം മുഴുവനും യാത്ര ചെയ്യാനുള്ള മൂന്നു ദിര്‍ഹത്തിന്റെ കാര്‍ഡും ലഭ്യമായിരുന്നു.
അടുത്ത കാലത്തായി കാര്‍ഡുകള്‍ സ്ക്രാച്ച് ചെയ്യാതെയും കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍ ഉപയോഗിച്ചും ആളുകള്‍ അനധികൃതമായി ബസ്സുകളില്‍ യാത്ര ചെയ്യാറുള്ളതും മറ്റു രാജ്യങ്ങളിലെ നാണയങ്ങളും ബസ്സിലെ കാഷ് ബോക്സില്‍ നിക്ഷേപിക്കാറുള്ളതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
സിറ്റിക്കുള്ളില്‍ രണ്ടക്ക നമ്പറിലുള്ള ബസ്സുകളില്‍ എവിടെ യാത്ര ചെയ്താലും ഒരു ദിര്‍ഹമാണ് ഇപ്പോഴുള്ള നിരക്ക്. കാര്‍ഡ് സമ്പ്രദായം നിലവില്‍ വന്നാല്‍ സ്റ്റേജ് നിരക്കില്‍ ആയിരിക്കാം പണം അടക്കേണ്ടി വരിക.
അങ്ങിനെയെങ്കില്‍ സിറ്റിക്കുള്ളിലെ യാത്രക്കായി നല്ലൊരു തുക നല്‍കേണ്ടി വരും എന്ന് പ്രവാസി കളില്‍ ഒരു ആശങ്ക നില നില്‍ക്കുന്നു. അബുദാബി സിറ്റിയില്‍ ഇപ്പോള്‍ രണ്ടക്ക നമ്പര്‍ ബസ്സുകള്‍ 110 സര്‍വ്വീസുകള്‍ ആണ് നടത്തുന്നത്.
-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.