അബുദാബി : ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ങ്ങളുടെ തിളക്കം പ്രവാസ ലോകത്തും എത്തി. ഏറ്റവും മികച്ച ഡോക്യുമെന്ററി യായി തെരഞ്ഞെടുക്കപ്പെട്ട ‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് ‘ ആണ് ഈ ആഹ്ലാദം കൊണ്ടു വരുന്നത്.
തിരുവിതാംകൂര്‍ രാജ കുടുംബ ത്തിന്റെ മുന്നൂറു വര്‍ഷത്തെ ചരിത്രം വരച്ചു കാട്ടുന്ന ഈ ചലച്ചിത്ര ത്തില്‍, യു. എ. ഇ. എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍ ഷെട്ടിയും ചീഫ് ഓപ്പ റേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സവിശേഷത.
ധര്‍മ്മ രാജയുടെ വേഷ ത്തില്‍ ഡോ. ബി ആര്‍ ഷെട്ടിയും മാര്‍ത്താണ്ഡ വര്‍മ്മ യുടെ വേഷ ത്തില്‍ സുധീര്‍ കുമാര്‍ ഷെട്ടിയും പ്രത്യക്ഷപ്പെടുന്നു. ഷാജി എന്‍ കരുണിന്റെ മേല്‍നോട്ട ത്തില്‍ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ബി. ജയചന്ദ്രന്‍ സംവിധാനം ചെയ്തൊരുക്കിയ ചിത്രത്തില്‍ തിരുവിതാംകൂര്‍ രാജ കുടുംബ ത്തിലെ പിന്മുറക്കാര്‍ പലരും അവരുടെ മുന്‍ഗാമികളെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയ മാണ്. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ്മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ തുടങ്ങി ഇന്നത്തെ തലമുറ യിലെ പല പ്രമുഖരും ചിത്ര ത്തില്‍ പലയിടത്തായി രംഗത്ത് വരുന്നുണ്ട്.
ചരിത്ര സൂക്ഷിപ്പായ മതിലകം രേഖകളെ അടിസ്ഥാനമാക്കി മാടമ്പ് കുഞ്ഞുക്കുട്ടന്‍ തിരക്കഥ തയ്യാറാ ക്കിയ ചിത്രത്തില്‍ ഇപ്പോഴത്തെ അധിപന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ആമുഖം കുറിക്കുന്നത്.
വളരെ യാദൃശ്ചികമായി തനിക്കു ലഭിച്ച അഭിനയാവസരം പോലെ തന്നെ, ആ സംരംഭ ത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചതും വളരെ ആഹ്ലാദ കരമാണെന്ന് ഡോ. ബി. ആര്‍. ഷെട്ടി പ്രതികരിച്ചു. തികച്ചും വ്യത്യസ്തമായ മേഖലയില്‍ പ്രവര്‍ത്തി ക്കുന്ന തങ്ങളെ, ചരിത്രപുരുഷന്മാരുടെ ഗൗരവ കരമായ വേഷങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ച സംവിധായക നോടും അണിയറ ശില്‍പ്പി കളോടും കടപ്പാട് ഉണ്ടെന്നും ഈ ഡോക്യുമെന്ററി യുടെ പ്രദര്‍ശനം ഗള്‍ഫില്‍ ഉടനെ നടത്തുമെന്നും സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.