ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.
അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.