കേരളത്തിന്റെ സ്വാദൂറുന്ന തനത് വിഭവങ്ങളും രുചിയേറിയ ഉത്തരേന്ത്യന്‍ വിഭവങ്ങളും മറ്റ് രസകരമായ വിഭവങ്ങളും പരിചയപ്പെടുത്തുന്ന പാചക പംക്തി e പത്രത്തില്‍ ഉടന്‍ ആരംഭിക്കുന്നു. മുന്‍പ് പല തവണയായി e പത്രത്തില്‍ പ്രസിദ്ധീകരിച്ച പാചക കുറിപ്പുകള്‍ ക്രോഡീകരിച്ച് ലഭ്യമാക്കണം എന്ന ആവശ്യം ചില വായനക്കാര്‍ അറിയിച്ചിരുന്നു. ഇവയ്ക്ക് പുറമേ അനേകം പുതുമ നിറഞ്ഞ വിഭവങ്ങളും പാചക വിധികളും പരിചയപ്പെടുത്തുന്നത് അമൃത ടി. വി. യിലെ ടേസ്റ്റ് ഓഫ് അറേബ്യ എന്ന പാചക പരിപാടിയിലൂടെ രുചിയേറിയ വിഭവങ്ങള്‍ ഉണ്ടാക്കി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ലിജി അരുണ്‍ ആണ്.
പരമ്പരാഗത തിരുവിതാംകൂര്‍ വിഭവങ്ങളുണ്ടാക്കി തങ്ങളെ എന്നും അതിശയിപ്പിക്കുന്ന തന്റെ അമ്മായിയമ്മ ആനിസ് തോമസും തന്റെ എല്ലാ സംരംഭങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഭര്‍ത്താവ് അരുണ്‍ തോമസുമാണ് തന്റെ പ്രചോദനം എന്ന് ലിജി പറയുന്നു. ഏറെ നാള്‍ ഉത്തരേന്ത്യയില്‍ ജോലി ചെയ്ത കാലത്ത് കൈമുതലാക്കിയ സ്വാദിഷ്ടമായ ഉത്തരേന്ത്യന്‍ വിഭവങ്ങളും ഈ പംക്തിയിലൂടെ പരിചയപ്പെടുത്തും. സ്വാദിനോടൊപ്പം ആരോഗ്യവും പ്രധാനമാണ് എന്ന് വിശ്വസിക്കുന്ന ലിജിയുടെ പാചകത്തിന്റെ പ്രത്യേകതയും ഇത് തന്നെയാണ്. ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതരീതിക്ക് നല്ല ഭക്ഷണം അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക്. സമയക്കുറവ് മൂലം സ്വാദിന് മാത്രം മുന്‍തൂക്കം നല്‍കുന്ന ഹോട്ടല്‍ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ പിടിയിലാണ് മിക്കവരും, പ്രത്യേകിച്ചും കുട്ടികള്‍. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു പാചക പംക്തിക്ക് പ്രസക്തി ഏറെയാണ് എന്ന് ലിജി അഭിപ്രായപ്പെട്ടു.