അബുദാബി : പ്രവാസി മലയാളി കളുടെ കണ്ണു തുറക്കേണ്ടതായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. പട്ടിണിയോടും പലിശ യോടും പട പൊരുതി ഗള്‍ഫില്‍ അഞ്ചംഗ മലയാളി കുടുംബം കഴിഞ്ഞു കൂടുന്നു.
യു. എ. ഇ. യിയുടെ തലസ്ഥാനമായ അബുദാബിയുടെ പൂങ്കാവനമായ അല്‍ ഐനില്‍ അച്ഛനും അമ്മയും ഒമ്പതും ഏഴും രണ്ടും വയസ്സുള്ള മൂന്നു പെണ്‍ മക്കളും ഉള്‍പ്പെട്ട മലയാളി കുടുംബം 18 മാസങ്ങളായി കഴിഞ്ഞു കൂടുന്നത് സമീപത്തുള്ള വിവാഹ മണ്ഡപ ത്തിലെ വിരുന്നു കളില്‍ അവശേ ഷിക്കുന്ന ഭക്ഷണ സാധന ങ്ങള്‍ കഴിച്ചു കൊണ്ടാണ് എന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്ത, ഇവിടത്തെ പ്രമുഖ ദിനപത്രമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
നാട്ടില്‍ ഇന്റിരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്തിരുന്ന 41 വയസ്സുകാരനായ ഒരു വ്യക്തിയും കുടുംബവുമാണ് ഈ ദുരിതം അനുഭവിക്കുന്നത്. 16 കൊല്ലമായി അദ്ദേഹം യു. എ. ഇ. യില്‍ എത്തിയിട്ട്. കുടുംബ പരമായ ചില പ്രശ്നങ്ങളില്‍ അകപ്പെട്ട്, നാട്ടില്‍ നിന്നും ഭാര്യയെയും കുഞ്ഞുങ്ങളെയും ഗള്‍ഫില്‍ കൊണ്ടു വരാന്‍ നിര്‍ബന്ധിതനായി.
വിശ്വസ്തനായ കൂട്ടുകാരനൊപ്പം ഒരു ചെറുകിട കച്ചവടം തുടങ്ങുന്നതിനു വേണ്ടി പലിശ ക്കാരനില്‍ നിന്നും പണം കടമെടുത്തു. എന്നാല്‍ സുഹൃത്ത് പണവുമായി മുങ്ങിയതോടെ ഇദ്ദേഹം പണം തിരിച്ചടയ്ക്കണമെന്ന അവസ്ഥയിലായി. അതിന് വകയില്ലാതെ വന്നപ്പോള്‍ ജയിലിലുമായി.
പിന്നീട് വിശാല മനസ്കനായ ഇവിടുത്തെ സ്‌പോണ്‍സര്‍ ഇടപെട്ടതോടെ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്റെ കഥകള്‍ അറിഞ്ഞപ്പോള്‍ 1300 ദര്‍ഹം പ്രതിമാസ ശമ്പളത്തില്‍ ജോലിയും തരപ്പെടുത്തി നല്‍കി.
പലിശ ക്കാരനുമായുള്ള ഒത്തു തീര്‍പ്പു വ്യവസ്ഥ പ്രകാരം 1000 ദര്‍ഹം പ്രതിമാസം കടം തിരിച്ചടയ്ക്കാന്‍ മാറ്റിവയ്ക്കണം. അവശേഷിക്കുന്ന മുന്നൂറ് ദര്‍ഹം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുമെല്ലാം വഹിക്കണം. സ്‌പോണ്‍സറുടെ ദയാവായ്പില്‍ കിട്ടിയ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം താമസിക്കുന്നത്.
ഇദ്ദേഹ ത്തിന്റെ അയല്‍വാസി കളായ ചിലര്‍ അടുത്തുള്ള കല്യാണ മണ്ഡപ ത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ അവിടെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ അറിയിക്കും. ഇദ്ദേഹവും കുടുംബവും രാത്രി വൈകി സല്‍ക്കാരം തീരുന്നതു വരെ പുറത്ത് കാത്തു നില്ക്കും.
വിരുന്നു സല്‍ക്കാര ത്തില്‍ മിച്ചം വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്‌ളാസ്റ്റിക് കൂടുകളില്‍ ശേഖരിച്ചു ഫ്രീസ് ചെയ്ത് അതിന് പുറത്ത് തീയതിയും രേഖപ്പെടുത്തി സൂക്ഷിച്ച് ഒരാഴ്ചയോളം ഉപയോഗിക്കും. മറ്റൊരു വിവാഹ സല്‍ക്കാരം വരെ ആ ഭക്ഷണം കൊണ്ടു വേണം ജീവിക്കാന്‍. ഒട്ടക ത്തിന്റെ ഇറച്ചിയും ചോറും മറ്റുമായിരിക്കും മിക്കപ്പോഴും ലഭിക്കുക.
ഈ കുടുംബ ത്തിന്റെ ദുരിതത്തെപ്പറ്റി അറിഞ്ഞ് അല്‍ ഐനിലെ വാലി ഓഫ് ലവ് എന്ന സന്നദ്ധ സംഘടന സഹായിക്കാന്‍ രംഗത്തു വന്നിട്ടുണ്ട്.
(ഈ കുടുംബത്തെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ വാലി ഓഫ് ലവ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.)
വിവരങ്ങള്‍ക്ക് വിളിക്കുക : ജോസഫ് ബോബി 055 33 70 044
(ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ് ന്യൂസ് )