
അബുദാബി : മലയാളി സമാജത്തിന്‍റെ 38-ാമത് സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫസര്‍ ഡോ. എം. എൻ. കാരശ്ശേരിക്ക് സമ്മാനിക്കും.
സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ സന്തുലിതമായ ദർശനവും സൂഷ്മമായ അപഗ്രഥന ങ്ങളിലൂടെ സാഹിത്യ കൃതികളെയും സാമൂഹ്യ പ്രവണതകളെയും വിലയിരുത്തുന്നതില്‍ ഉള്ള വിചക്ഷണതയും വെളിവാക്കുന്ന അദ്ദേഹത്തിന്‍റെ രചനകളും പ്രഭാഷണങ്ങളും മലയാളി സമൂഹത്തെ പുരോഗമനാത്മകമായി നയിച്ചു പോരുന്നു. മലയാള ഭാഷക്ക് വേണ്ടിയും ഭദ്രമായ ഒരു സമൂഹത്തിന്‍റെ കെട്ടുറപ്പിന് വേണ്ടിയും ഉറച്ച നിലപാടുകള്‍ ഉള്ള പ്രതിഭാ സമ്പന്നനായ ആചാര്യനാണ് പ്രൊഫസര്‍ ഡോ. എം. എൻ. കാരശ്ശേരി എന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
കവി പ്രൊഫ. വി. മധു സൂദനൻ നായർ അദ്ധ്യക്ഷനും ഡോ. പി. വേണു ഗോപാലൻ, ഡോ. ബിജു ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമാജം സാഹിത്യ പുരസ്കാര നിർണ്ണയ സമിതി, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത് എന്ന് അബുദാബി മലയാളി സമാജം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അവാർഡ് നിർണ്ണയ സമിതി അംഗങ്ങളും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ടി. ഡി. അനിൽ കുമാർ, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദരാലി, സീനിയർ കമ്മിറ്റി അംഗം എ. എം. അൻസാർ, വനിതാ വിഭാഗം കൺവീനർ ഷഹനാ മുജീബ്, ബി. യേശു ശീലൻ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
1982 മുതല്‍ തുടക്കം കുറിച്ച സമാജം സാഹിത്യ പുരസ്കാരം, മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യ കുലപതികൾക്ക് മുടക്കം കൂടാതെ നൽകി വരികയാണ്. കുറ്റമറ്റതും മറ്റു കൈ കടത്തലുകള്‍ ഇല്ലാതെയും നിര്‍ണ്ണയിക്കപ്പെടുന്ന സമാജം സാഹിത്യ വാർഡ് ഏറെ ആദരവോടെയാണ് മലയാള സാഹിത്യ ലോകം നോക്കിക്കാണുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു. Image Credit : WiKiPeDia

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 































 