
അബുദാബി : തലസ്ഥാനത്തെ താമസക്കാരിലും സന്ദർശകരിലും ഏറെ കൗതുകമുണർത്തി ക്കൊണ്ട് അവധി ദിനങ്ങളിൽ സർവ്വീസ് നടത്തിയിരുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റ് (എ. ആർ. ടി) അഥവാ റെയിൽ-ലെസ് ഹൈ ടെക് ട്രാം സംവിധാനം ഇപ്പോൾ പ്രവൃത്തി ദിനങ്ങളിലും സർവ്വീസ് നടത്തുന്നു.
നഗരത്തിലെ പ്രധാന സന്ദർശക വാണിജ്യ കേന്ദ്ര ങ്ങളായ റീം മാള്‍ മുതല്‍ മറീന മാള്‍ വരെയും തിരിച്ചും വെള്ളി മുതൽ ഞായർ വരെ രാവിലെ 10 മണിക്കും ഉച്ചക്കു 3 മണിക്കും ഇടയിലാണ് ട്രാം സർവ്വീസ് നടത്തിയിരുന്നത്.
എന്നാൽ യാത്രക്കാർക്കിടയിൽ റെയിൽ-ലെസ് ഹൈ ടെക് ട്രാമിൻ്റെ വർദ്ധിച്ചു വന്ന ജനപ്രീതി കൊണ്ട് മുഴുവൻ ദിവസങ്ങളിലേക്കും സർവ്വീസ് ദീർഘിപ്പിച്ചു കഴിഞ്ഞു.
റെയിലില്ലാതെ റോഡിലൂടെ സഞ്ചരിക്കുന്ന നൂതനവും സുസ്ഥിരവുമായ എ. ആർ. ടി. ട്രാം, കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് പ്രവർത്തനം ആരംഭിച്ചത്.
പ്രവൃത്തി ദിവസങ്ങളിൽ കൂടുതൽ മണിക്കൂറുകളിൽ ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം യാത്രക്കാർക്ക് കൂടുതൽ ഉപകാര പ്രദ മാകും വിധമുള്ള സർവ്വീസ് ഇപ്പോൾ രാത്രി എട്ടു മണി വരെ ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യ നാളുകളിൽ ട്രാമിൽ സൗജന്യ യാത്ര ആയിരുന്നു എങ്കിലും ഇപ്പോൾ ഹാഫിലാത് ബസ് കാർഡ് വഴി ഓരോ യാത്രക്കും രണ്ടു ദിർഹം നിരക്ക് ഈടാക്കുന്നു. Image Credit : W A M, A R T, Twitter & Insta

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 





























 
  
 
 
  
  
  
  
 