
അബുദാബി : പ്രശസ്ത എഴുത്തുകാരൻ ജലീൽ രാമന്തളിയുടെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്യുന്നു. 2026 ജനുവരി 22 വ്യാഴാഴ്ച രാവിലെ പത്തര മണിക്ക് രാമന്തളി വടക്കുമ്പാട് ജി. എം. യു. പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കാസർഗോഡ് എം. പി. രാജ് മോഹൻ ഉണ്ണിത്താനും സേഫ് ലൈൻ ചെയർമാൻ അബൂബക്കർ കുറ്റിക്കോലും ചേർന്ന് ‘പ്രവാസ ത്തുടിപ്പുകൾ’ പ്രകാശനം ചെയ്യും.
ചടങ്ങിൽ ടി. ഐ. മധു സൂദനൻ എം. എൽ. എ., രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ. കെ. ശശി, ബഷീർ ആറങ്ങാടി, എ. ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, വി. പി. കെ. അബ്ദുല്ല, ഉസ്മാൻ കരപ്പാത്ത്, സി. എം. വിനയ ചന്ദ്രൻ, ജമാൽ കടന്നപ്പള്ളി, പി. കെ. സുരേഷ് കുമാർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി യുടെ സ്ഥാപക നേതാവും കൂടിയാണ് ദീർഘ കാലം അബുദാബിയിൽ ജോലി ചെയ്തിരുന്ന ജലീൽ രാമന്തളി.
യു. എ. ഇ. യുടെ രാഷ്ട പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായനക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.
പ്രവാസികളുടെ യഥാർത്ഥ ജീവിതം വരച്ചു കാട്ടുന്ന മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.
സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.





































