അബുദാബി : ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ ‘ശവ്വാൽ നിലാവ്’ എന്ന സംഗീത നിശ, സംഘാടക മികവ് കൊണ്ടും ജന ബാഹുല്യം കൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
പ്രശസ്ത പിന്നണി ഗായകരായ അൻസാർ കൊച്ചി, ദാന റാസിക്ക്, ബാദുഷ (പതിനാലാം രാവ് വിജയി), നൗഷാദ് തിരൂർ (പട്ടുറുമാൽ വിജയി), കാവ്യ, റിയാസ് ദുബായ് എന്നിവർ ശവ്വാൽ നിലാവിൽ അണി നിരന്നു.
പ്രോഗ്രാമിൽ കാണികളായി എത്തിയവരെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങൾ നൽകി. അലിഫ് മീഡിയ മുഹമ്മദലി, കളപ്പാട്ടിൽ അബു ഹാജി, കെ. എ. മുട്ടിക്കാട് എന്നിവരെ ആദരിച്ചു.
ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നൗഷാദ് തൃപ്രങ്ങോട് സ്വാഗതവും അഷ്റഫ് അലി പുതുക്കൊടി നന്ദിയും പറഞ്ഞു.