അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ കബഡി ടൂർണ്ണ മെന്റ്, ഡിസംബർ 15 ഞായറാഴ്ച മുഷ്‌രിഫ് ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ചു ഇന്ത്യയിലെ പ്രമുഖ കബഡി ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.
ഫ്രണ്ട്സ് ആറാട്ടു കടവ് (പാലക്കാട്), ന്യൂ മാർക്ക് മാംഗ്ലൂർ (കാസർ ഗോഡ്), റെഡ് വേൾഡ് കൊപ്പൽ (എറണാകുളം), ബ്രദേഴ്സ് കണ്ടൽ (മലപ്പുറം) എന്നീ ടീമുകൾ ഗ്രൂപ്പ് – എ യിലും റെഡ് സ്റ്റാർ ദുബായ് (തൃശൂർ), ടീം ഫൈമുസ് 02 പൊന്നാനി (കണ്ണൂർ), ടീം തമിഴ്നാട് (തിരുവന്തപുരം), ബട്കൽ ബുൾസ് (കോഴിക്കോട്) എന്നീ ടീമുകൾ ഗ്രൂപ്പ് -ബി യിലുമാണ് മത്സരിക്കുന്നത്.
നാസിർ അമ്മികുപ്പാട്ടി, അജി കണ്ടൽ, മൻസൂർ കണ്ടൽ, സാഗർ സൂരജ് ഹരിയാന, സന്ദീപ് നർവാൽ ഹരിയാന, അമൽ രാജ്, ആദർശ് കൊപ്പാൽ, നിവേദ് കൊപ്പാൽ, റഷീദ് ബാനർജി, ആഫ്രീദ്, കലന്തർ സഫ്രാസ് തുടങ്ങിയ പതിനെട്ടോളം പ്രമുഖ പ്രൊ-ഇന്ത്യ കബഡി ടീം അംഗങ്ങൾ മത്സരങ്ങളിൽ പങ്കാളികളാകും. ഓരോ ടീമിലും രണ്ട് ഇന്ത്യൻ പ്രൊ-കബഡി ടീം അംഗങ്ങൾ മത്സരിക്കും.
അന്തർ ദേശീയ മത്സരങ്ങളിൽ പരിചയ സമ്പന്നരായ ഏഴോളം റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. ഒന്നാം സ്ഥാനക്കാർക്ക് 5000 ദിർഹവും ട്രോഫിയും മെഡലും രണ്ടാം സ്ഥാനക്കാർക്ക് 3000 ദിർഹം ട്രോഫിയും മെഡലും മൂന്നും നാലും സ്‌ഥാനക്കാർക്കു 1000 ദിർഹം ട്രോഫി എന്നിങ്ങനെ യാണ് സമ്മാനം. കൂടാതെ മികച്ച റൈഡർ, മികച്ച ക്യാച്ചർ, എമേർജിങ് പ്ലേയർ തുടങ്ങിയവർക്ക് ട്രോഫികളും സമ്മാനിക്കും.