ഡൽഹി : മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഡൽഹിയിൽ നഴ്സുമാരുടെ മിന്നൽ പണിമുടക്ക്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളിയായ നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ സമരം ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് ആലപ്പുഴ സ്വദേശിനിയായ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഐഎൽബിഎസ് ആശുപത്രിയിലാണ് പണിമുടക്ക് നടക്കുന്നത്.
മുന്നറിയിപ്പ് മൂന്നു മാസം മുമ്പു തന്നെ നോട്ടീസ് സഹിതം നൽകിയിരുന്നുവെന്നാണ് ആശുപത്രി മാനേജ്മെന്റ് പറയുന്നത്. ആത്മഹത്യക്ക് ശ്രമിച്ച യുവതി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ. ആശുപത്രി മാനേജ്മെന്റിന്റെ പീഡനങ്ങൾക്ക് എതിരെ ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പിരിച്ചു വിട്ടതെന്ന് മറ്റുള്ള നഴ്സുമാർ പറയുന്നു. എന്നാൻ ഇതിനോടൊന്നും മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.