പത്തനംതിട്ട : മനുഷ്യർക്ക് ആധാർ കാര്‍ഡ് എന്ന പോലെ മൃഗങ്ങൾക്കും തിരിച്ചറിയൽ കാർഡ് നമ്പർ പ്രാബല്യത്തിലായി. നിലവിൽ മൃഗങ്ങളുടെ കാതുകളിൽ കമ്മൽ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരം ശാശ്വത പരിഹാരം ആണ് ഈ മൈക്രോ ചിപ്പ്.
മൃഗങ്ങളുടെ തൊലിക്കടിയിൽ ഉപയോഗിക്കുന്ന RFID (റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ) മൈക്രോ ചിപ്പ് ഓരോ മൃഗങ്ങളുടെയും ജീവിത രേഖകൾ, ആരോഗ്യ പുരോഗതി, ഇൻഷ്വറൻസ് എന്നീ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണം ആവും. ‘റീ ബിൽഡ് കേരള’ യിൽ ഉൾപ്പെടുത്തിയ ഇ-സമൃദ്ധ പദ്ധതിയുടെ ഭാഗമായുള്ള മൈക്രോ ചിപ്പ്, പത്തനംതിട്ട ജില്ലയിൽ പൈലറ്റ് പ്രൊജക്റ്റ് ആയി നടപ്പാക്കി. ഇതിന്‍റെ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷ്യത വഹിച്ചു.
മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിൽ നടപ്പിലാക്കുന്ന മൈക്രോചിപ്പ് പദ്ധതി മുഴുവൻ ജില്ല കളി ലേക്കും ഉടൻ വ്യാപിപ്പിക്കും എന്നും മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ഓമല്ലൂർ എ. ജി. ടി. ഗ്രീൻ ഗാർഡൻ ഫാമിലെ ‘അമ്മിണി’ എന്ന പശുവിലാണ് ആദ്യത്തെ മൈക്രോ ചിപ്പ് ഘടിപ്പിച്ചത്.
ചടങ്ങിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജോൺസൺ വിളവിനാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാറാ തോമസ്, ബീന പ്രഭ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.