പ്രശസ്ത നടനും ഡി. എം. ഡി. കെ നേതാവുമായ വിജയ കാന്ത് (71) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിൽ ആയിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
1952 ആഗസ്റ്റ് 25 ന് തമിഴ് നാട്ടിലെ മധുരൈ യിൽ ആയിരുന്നു വിജയ കാന്തിൻ്റെ ജനനം. വിജയരാജ് അളകര്‍ സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.
എം. എ. കാജാ സംവിധാനം ചെയ്ത് 1979 ല്‍ റിലീസ് ചെയ്ത ‘ഇനിക്കും ഇളമൈ’ ആയിരുന്നു ആദ്യ ചിത്രം. ഉഴവന്‍ മകന്‍, വൈദേഹി കാത്തിരുന്താള്‍, നൂറാവത് നാള്‍, വെട്രി, ക്യാപ്റ്റൻ പ്രഭാകർ, ഊമൈ വിഴിഗള്‍, പുലന്‍ വിചാരണൈ, ക്ഷത്രിയന്‍, വീരന്‍ വേലുത്തമ്പി, കൂലിക്കാരന്‍, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മ്മപുരി, രമണ തുടങ്ങി 157 ചിത്രങ്ങളില്‍ അഭിനയിച്ചു. വിരുദഗിരി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡി. എം. ഡി. കെ.) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപകൻ കൂടിയായിരുന്ന വിജയ കാന്ത് രണ്ട് തവണ എം. എൽ. എ. ആയിട്ടുണ്ട്.