അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം നവംബർ 27 ഞായറാഴ്ച ഉച്ചക്ക് 3.30 മുതൽ ദേവാലയ അങ്കണത്തിൽ വെച്ച് നടക്കും.
ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അദ്ധ്യക്ഷത വഹിക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ ഇടവക വികാരി റവ. ഫാദര്‍ എൽദോ എം. പോൾ നേതൃത്വം നൽകും. ഇന്ത്യൻ എംബസി കോൺസൽ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവർ മുഖ്യ അതിഥികള്‍ ആയി സംബന്ധിക്കും.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന വർഷിക ആഘോഷവും യു. എ. ഇ. യുടെ 51–ാംദേശീയ ദിന ആഘോഷ ങ്ങളും കൊയ്ത്തുത്സവ ത്തിന്‍റെ ഭാഗമായി നടക്കും.
ഇടവകാംഗങ്ങൾ തയ്യാറാക്കുന്ന രുചികരമായ നാടൻ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മധുര പലഹാരങ്ങൾ, അറബിക് ഭക്ഷ്യ വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, വിദ്യാഭ്യാസ സാമഗ്രികളും വ്യത്യസ്ത ഇനം സസ്യങ്ങളും മറ്റും ഉൾപ്പെത്തിയിട്ടുള്ള 51 സ്റ്റാളുകള്‍ ഒരുക്കും.
യു. എ. ഇ. യുടെ 51–ാം ദേശീയ ദിന ആഘോഷത്തോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് 51 സ്റ്റാളുകള്‍ കൊയ്ത്തുത്സവത്തിന്‍റെ ഭാഗമാവുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ വിജ്ഞാനവും വിനോദവും നിറഞ്ഞ കളികളും ഒരുക്കും.
കലാ – സംഗീത പ്രേമികള്‍ക്കായി വൈവിധ്യമാർന്ന സ്റ്റേജ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. അബുദാബി യിൽ നിന്ന് ഉപരി പഠനത്തിനായി പോയ നിരവധി വിദ്യാർത്ഥി ഇടവകാംഗങ്ങളും പ്രവാസ ജീവിതം അവസാനിപ്പിച്ചു പോയ മുതിർന്നവരും ഈ ആഘോഷ വേളയിൽ കത്തീഡ്രൽ വീണ്ടും സന്ദർശിക്കുന്നത് പതിവാണ്. അതു കൊണ്ടു തന്നെ കൊയ്ത്തുത്സവ വേദി ഒരു പുനഃസമാഗമ സംഗമ ഭൂമി ആയി മാറും.
വിവിധ മന്ത്രാലയങ്ങൾ നടത്തി വരുന്ന പ്രകൃതി സംരക്ഷണം, വനവൽക്കരണം, ജല സംരക്ഷണം, ഭൗമ സംരക്ഷണം എന്നീ പദ്ധതികളുമായി കത്തീഡ്രൽ സജീവ സാന്നിദ്ധ്യമായി നില കൊണ്ടിട്ടുണ്ട്.
ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, ഇടവക വികാരി റവ. ഫാ. എൽദോ എം. പോൾ, ട്രസ്റ്റി തോമസ് ജോർജ്ജ്, സെക്രട്ടറി ഐ. തോമസ്, ജനറൽ കൺവീനർ റെജി ഉലഹന്നാൻ, ജോയിന്‍റ് ഫിനാൻസ് കൺവീനർ റോയ് മോൻ ജോയ്, മീഡിയ കൺവീനർ ജോസ് തരകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.