ദുബായ് :സ്‌പോണ്‍സര്‍ അവധി അനുവദിക്കാത്തതിനെ തുടര്‍ന്ന് ദുബായിൽ നിന്നു വരനു നാട്ടിലെത്താന്‍ കഴിഞ്ഞില്ല. അതിനെ തുടര്‍ന്ന് വരന്റെ സഹോദരി വധുവിനു താലി ചാര്‍ത്തി. ഇന്നലെ മുതുകുളം തെക്ക് പാണ്ടവര്‍കാവ് ദേവീ ക്ഷേത്രത്തില്‍ വെച്ചാണ് ഈ ‘അപൂര്‍വ താലികെട്ട്’ നടന്നത്. ആറാട്ടുപുഴ വട്ടച്ചാല്‍ കലേഷ് ഭവനത്തില്‍ ചന്ദ്രൻ – സുഷമ ദമ്പതികളുടെ മകന്‍ കമലേഷാണ് ആ നിര്‍ഭാഗ്യവാനായ വരൻ . മുതുകുളം തെക്ക് ഉണ്ണിക്കൃഷ്‌ണ ഭവനത്തില്‍ ഉത്തമന്റേയും ശാന്തയുടെയും മകള്‍ ശാരി കൃഷ്‌ണയാണ് വധു. ഇവര്‍ തമ്മിലുള്ള വിവാഹം പാണ്ടവര്‍കാവ് ദേവീ ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ നേരത്തെ നിശ്‌ചയിച്ചിരുന്നു. കമലേഷ് അവധിക്കു നാട്ടിൽ എത്തിയപ്പോഴായിരുന്നു വിവാഹ നിശ്‌ചയം.
ദുബായിലെ ഫര്‍ണിച്ചര്‍ കമ്പിനിയില്‍ മൂന്നു വര്‍ഷത്തിലേറെ കാലമായി ജോലി ചെയ്‌തു വരികയാണ് കമലേഷ്. തലേ ദിവസമെങ്കിലും നാട്ടില്‍ തന്റെ വിവാഹത്തിനു എത്തിച്ചേരാന്‍ കഴിയുമെന്നാണ് കമലേഷ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തി സ്പോണ്സര്‍ അവധി നിഷേധിച്ചതോടെ മുഹൂര്‍ത്ത സമയത്ത് വരനു എത്താന്‍ കഴിയില്ലെന്ന് ഉറപ്പായി. ഇതോടെ ഇരു കുടുംബങ്ങളുടെയും സമ്മത പ്രകാരം കമലേഷിന്റെ സഹോദരി കവിത ശാരികൃഷ്‌ണയെ താലി ചാര്‍ത്തുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, ദുബായ്, പീഡനം, പ്രവാസി, മനുഷ്യാവകാശം