മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിന് അടുത്ത് തടാകത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തു. ഇന്ന് (ബുധന്‍) അസര്‍ നമസ്കാരാ നന്തരം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദില്‍ ഖബറടക്കം നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ഗ്ലൈഡര്‍ വിമാനാപകടത്തെ ത്തുടര്‍ന്ന് കാണാതായ ശൈഖ് അഹമ്മദിന് വേണ്ടിയുള്ള തിരച്ചിലില്‍, യു. എ. ഇ., മൊറോക്കോ, സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലെ വിദഗ്ധ സംഘാംഗങ്ങള്‍ പങ്കെടുത്തു. റബാത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മലയിടുക്കു കള്‍ക്കിടയില്‍ കൃത്രിമ തടാകത്തിന് മുകളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രസിദ്ധമായ സിദി മുഹമ്മദ് ബിന്‍ അബ്ദുള്ള അണക്കെട്ടിന് അടുത്താണ് ഈ തടാകം.
കനത്ത മഴയില്‍ തടാകത്തില്‍ 60 മീറ്ററോളം വെള്ളം ഉയര്‍ന്നതും പരിസര പ്രദേശം ദുര്‍ഘടമായതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.