ദോഹ : യൂറോപ്യന്‍ സുന്ദരിമാരെ വീട്ടു ജോലിക്കാരിയായി നിര്‍ത്തുന്നതിനെ ഖത്തറിലെ സ്ത്രീകള്‍ ശക്തിയായി എതിര്‍ക്കുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ഈ സുന്ദരിമാരുടെ വലയില്‍ വീണു പോവും എന്നാണ് ഇവരുടെ ആശങ്ക. ഖത്തറില്‍ ഏഷ്യന്‍ വംശജരായ വീട്ടുജോലിക്കാരെ മാത്രം ആശ്രയിക്കുന്നതിനെ മറികടക്കുവാന്‍ സര്‍ക്കാര്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്നും വീട്ടു ജോലിക്കാരെ കൊണ്ട് വരുവാന്‍ പദ്ധതി ഇടുന്നതിനെയാണ് ഇവിടത്തെ സ്ത്രീകള്‍ എതിര്‍ക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇവിടത്തെ പ്രാദേശിക അറബി പത്രമായ അല്‍ ഷര്‍ഖ് ആണ്.
യൂറോപ്യന്‍ രാഷ്ട്രമായ ബോസ്നിയയില്‍ നിന്നും വീട്ടു ജോലിക്ക് യുവതികളെ ഖത്തറിലേക്ക് കൊണ്ട് വരുവാനാണ് ആലോചന. എന്നാല്‍ സുന്ദരിമാരായ ബോസ്നിയന്‍ യുവതികള്‍ വീട്ടില്‍ വരുന്നത് സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവും എന്നാണ് ആശങ്ക.
ഏഷ്യന്‍ വംശജരായ വീട്ടു ജോലിക്കാര്‍ തന്നെ പലപ്പോഴും തങ്ങള്‍ക്ക് തലവേദന ആകാറുണ്ട് എന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സുന്ദരിമാരായ വീട്ടു ജോലിക്കാരികളോട് അടുപ്പം കാണിക്കുന്ന വീട്ടിലെ യുവാക്കളും പലപ്പോഴും ഇവരുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാരും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുവാന്‍ ഇപ്പോള്‍ തന്നെ കാരണമാവുന്നു. അപ്പോള്‍ പിന്നെ ഏറെ അഴകുള്ള യൂറോപ്യന്‍ സുന്ദരിമാര്‍ സ്വന്തം വീട്ടില്‍ എത്തിയാലുള്ള അവസ്ഥ എന്താകും എന്നാണ് ഇവര്‍ ചോദിക്കുന്നത്.