അബുദാബി : മൂന്നു വർഷം മുമ്പ് പ്രവർത്തനം നിർത്തിയ സിറ്റി ടെർമിനൽ സേവനം ബുധനാഴ്ച മുതല്‍ അബുദാബി യിൽ പുനരാരംഭിക്കുന്നു. മിനായിലെ അബുദാബി ക്രൂയിസ് ടെർമിനലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ സിറ്റി ചെക്ക് ഇൻ കൗണ്ടര്‍ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കും. ഇത്തിഹാദ് എയർ വേയ്സ് അടക്കമുള്ള വിമാന കമ്പനികളുമായി സഹകരിച്ച് മൊറാഫിക്ക് ഏവിയേഷൻ സർവ്വീസസ് ആണ് സിറ്റി ടെര്‍മിനല്‍ ചെക്ക് ഇന്‍ സേവനം ഒരുക്കിയത്.
എന്നാല്‍ നിലവിൽ ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കു മാത്രമേ സിറ്റി ടെർമിനൽ സേവനം ലഭ്യമാവുകയുള്ളൂ. അടുത്ത മാസ ത്തോടെ കൂടുതൽ വിമാന കമ്പനികൾ സിറ്റി ടെർമിനലിൽ എത്തും. ഒരു യാത്രക്കാരന് 45 ദിർഹം ചാര്‍ജ്ജ് ചെയ്യും. കുട്ടികൾക്ക് 25 ദിർഹവും നാല് അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബ ത്തിന് 120 ദിർഹം അടക്കണം.
യാത്രക്ക് 24 മണിക്കൂർ മുമ്പ് മുതൽ കുറഞ്ഞത് 4 മണിക്കൂർ മുമ്പ് വരെ മിനാ ക്രൂയിസ് സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം. ഇവിടെ നിന്ന് ലഭിക്കുന്ന ബോർഡിംഗ് പാസ്സുമായി വിമാന സമയത്തിന്റെ ഒരു മണിക്കൂര്‍ മുന്‍പായി എയര്‍ പോര്‍ട്ടിലെ ഇമിഗ്രേഷൻ കൗണ്ടറിലേക്ക് എത്തിയാൽ മതി. മിന ക്രൂയിസ് ടെർമിനലിൽ ലഭിക്കുന്ന സൗജന്യ പാർക്കിംഗ് സൗകര്യവും യാത്രക്കാർക്ക് ഉപയോഗിക്കാം.
1999 ൽ അബുദാബി ടൂറിസ്റ്റ് ക്ലബ്ബ് ഏരിയയില്‍ ആരംഭിച്ച സിറ്റി ടെർമിനൽ ഏറെ ജനപ്രീതി നേടിയിരുന്നു. 2019 ഒക്ടോബറിൽ ടെർമിനലിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി വെച്ചു. പുതിയ അബുദാബി ക്രൂയിസ് ടെർമിനലില്‍ അടുത്ത മാസത്തോടെ കൂടുതല്‍ വിമാന കമ്പനികളുടെ സര്‍വ്വീസ് ആരംഭിക്കുന്നതോടെ 24 മണിക്കൂറും ടെർമിനൽ പ്രവർത്തിക്കും.