
അബുദാബി : തലസ്ഥാന നഗരിയിലെ മിനാ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക്-ഇന്‍ സൗകര്യം ആഗസ്റ്റ് 11 മുതൽ ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.
അബുദാബി മുസ്സഫ ഷാബിയ 11 ലെ അൽ മദീന ഹൈപ്പർ മാർക്കറ്റിനു സമീപം, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐന്‍ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ10 മണി മുതല്‍ രാത്രി 10 മണി വരെയും സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഉപയോഗപ്പെടുത്താം.
ഇന്ത്യയിലെ 16 എയർ പോർട്ടുകളിലേക്ക് നിലവിൽ അബുദാബിയിൽ നിന്നും ഇന്‍ഡിഗോ എയർ സർവ്വീസ് നടത്തുന്നുണ്ട്. യാത്രയുടെ 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം.
ബാഗേജുകള്‍ ഇവിടെ നല്‍കി ബോഡിംഗ് പാസ്സ് എടുക്കുന്നവര്‍ക്ക് വിമാന ത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രഷനിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം കൂടുതൽ ജനപ്രിയമാക്കിയത്.
അടുത്ത മാസം (സെപ്റ്റംബര്‍ ഒന്ന്) മുതലാണ് അല്‍ ഐനിലെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ആരംഭിക്കുക. അവിടെ സിറ്റി ചെക്ക്-ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂർ ആയിരിക്കും.
12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 






























 
  
 
 
  
  
  
  
 