
അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവ ത്തിലെ നാലാം ദിനം ചേതന റാസൽ ഖൈമയുടെ ‘കെ. പി. ബാബുവിൻ്റെ പൂച്ച’ എന്ന നാടകം സമകാലീനത കൊണ്ടും അവതരണ രീതി കൊണ്ടും ശ്രദ്ധേയമായി.
ജാനാധിപത്യത്തിൻ്റെ നാലാം തൂണ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമ രംഗത്തെ പോരായ്മകൾ നാടകം വരച്ചു കാട്ടുന്നു. ശരിയായ രീതിയിലുള്ള മാധ്യമ പ്രവർത്തന ആവശ്യകത നാടകം പറയുന്നു. രചനയും സംവിധാനവും നിർവ്വഹിച്ചത് യു. എ. ഇ. യിലെ അറിയപ്പെടുന്ന നാടക പ്രവർത്തകൻ ബിജു കൊട്ടില.
ഇരുപത്തിയാറോളം അഭിനേതാക്കൾ ഈ നാടകത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജു കൊട്ടില, സുർജിത് വാസുദേവൻ, ആതിര, ജ്യോതിഷ്, ഫായിസ്, അഖില, സിയ സുജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.
സംഗീത സന്നിവേശം നൽകിയത് പന്ത്രണ്ടുകാരിയായ നന്ദിത ജ്യോതിഷ്. പ്രകാശ് പാടിയിൽ പ്രകാശ വിതാനവും രഞ്ജിത്ത്, സോജു, പ്രജീഷ് എന്നിവർ രംഗ സജ്ജീകരണവും കൈകാര്യം ചെയ്തു.
നാടകോത്സവം അഞ്ചാം ദിവസമായ ജനുവരി ആറ് ശനിയാഴ്ച രാത്രി 8.30 ന് ഹസീം അമരവിളയുടെ സംവിധാന ത്തിൽ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകം അരങ്ങേറും. FB



























