ന്യൂഡല്‍ഹി : അന്തരിച്ച യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി 2022 മെയ് 14 ശനിയാഴ്ച, രാജ്യത്ത് ദുഃഖാചരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും നിർദ്ദേശം നൽകി.
സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ 2022 മെയ് 13 വെള്ളിയാഴ്ച യാണ് അന്തരിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
യു. എ. ഇ. രാഷ്ട്ര പിതാവും പ്രഥമ പ്രസിഡണ്ടും ആയിരുന്ന പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്‍റെ നിര്യാണത്തെ തുടർന്ന് 2004 നവംബർ രണ്ടിനാണ് രണ്ടാമത്തെ പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അധികാരം ഏറ്റെടുത്തത്.