ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. സ്വതന്ത്രവും ജനക്ഷേമ പരവുമാണ് ഇന്ത്യയുടെ വിദേശ നയം എന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്.
അമേരിക്കയുടെ ക്വാഡ് (QUAD) സഖ്യത്തില്‍ അംഗം ആയിരിക്കെ തന്നെ അമേരിക്ക യുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രശംസിച്ചു കൊണ്ടാണ് ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ ഇങ്ങിനെ പറഞ്ഞത്.
‘ഞാന്‍ ഇന്ന് ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. അവര്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം നില നിര്‍ത്തിയിട്ടുണ്ട്. അമേരിക്ക യുമായി ഇന്ത്യ സഖ്യത്തിലാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവർക്ക് കൂടെ നാലു രാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ ഇന്ത്യ അംഗമാണ്. എന്നാൽ അവർ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നയം ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്’. ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ന്യൂസ് പോർട്ടൽ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
ജനക്ഷേമം മുന്നിൽ കണ്ടു കൊണ്ടാണ് താനും വിദേശ നയം സ്വീകരിക്കുന്നത്. ആർക്കു മുന്നിലും തലകുനിക്കില്ല എന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.