അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിയുവാന്‍ കര്‍ശ്ശനമാക്കിയിരുന്ന ഗ്രീൻ പാസ്സ് സംവിധാനത്തിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഗ്രീൻ പാസ്സിന്‍റെ കാലാവധി 14 ദിവസത്തിൽ നിന്നും 30 ദിവസത്തേക്ക് നീട്ടി.
2022 ഏപ്രില്‍ 29 മുതല്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം നിലവില്‍ വന്നു. അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീൻ പാസ്സ് നില നിർത്തുന്നതിനായി എല്ലാ രണ്ടാഴ്ചകളിലും പി. സി. ആർ. പരിശോധന നടത്തേണ്ടതില്ല.
എമിറേറ്റിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതു പരിപാടി കളിലും 100 ശതമാനം ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ ഫേയ്സ് മാസ്ക് ധരിക്കണം എന്ന നിബന്ധന തുടരുന്നുണ്ട്.
കൊവിഡ് ബാധിച്ച് ഏറ്റവും കുറവ് മരണ നിരക്ക് (0.2 %) രേഖപ്പെടുത്തിയ രാജ്യമാണ് യു. എ. ഇ. ഈ വര്‍ഷമാദ്യം പ്രതിദിന കൊവിഡ് കേസുകള്‍ മൂവായിരത്തിന് മുകളില്‍ എത്തിയിരുന്നു എങ്കിലും വ്യാപകമായ പരിശോധനകൾ, യാത്രാ നിബന്ധനകള്‍, ഗ്രീന്‍ പാസ്സ് അടക്കമുള്ള കര്‍ശ്ശന നിയന്ത്രണങ്ങൾ, അതിര്‍ത്തി കളിലെ പരിശോധനകള്‍ എന്നിവയിലൂടെ രോഗ വ്യാപനം വളരെ വേഗത്തില്‍ തടയിടുവാനും കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കുവാനും സാധിച്ചു. Al Hosn App