അബുദാബി : നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചവർക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമത്തിൽ അബുദാബി കെ. എം. സി. സി. പ്രഖ്യാപിച്ച ‘ഇൻസൈറ്റ് അവാർഡ്’ സാമൂഹ്യ പ്രവര്‍ത്തക കെ. വി. റാബിയക്കു സമ്മാനിക്കും.
അസുഖങ്ങളോടും മറ്റു ശാരീരിക ബുദ്ധിമുട്ടുകളോടും പൊരുതി ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴും ഒരല്പം പോലും വിശ്രമിക്കാതെ മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കി കൊണ്ട് തന്‍റെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് കെ. വി. റാബിയ. പ്രതിസന്ധികൾ വിധിയായ് കരുതി ജീവിതം തീർക്കുന്നവർക്ക് റാബിയ നൽകുന്നതു വലിയ പ്രചോദനമാണ്. അവരുടെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻ നിർത്തി രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
അടുത്ത ദിവസം തന്നെ റാബിയയുടെ തിരൂരങ്ങാടി വെള്ളിനക്കാട് വീട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്.