അബുദാബി : മിനായിലെ അബുദാബി ക്രൂയിസ് ടെർമിനലില്‍ മൊറാഫിക് സിറ്റി ടെർമിനൽ ചെക്ക് ഇന്‍ സർവ്വീസ് സഹിഷ്ണുത, സഹ വർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
യാത്രയ്ക്കു 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇത്തിഹാദ് എയർവേയ്സ്, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിലെ യാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സേവനം ലഭ്യമാണ്. സമീപ ഭാവിയിൽ തന്നെ മറ്റു വിമാന യാത്രക്കാർക്കും സിറ്റി ചെക്ക് ഇന്‍ സേവനം ലഭ്യമാക്കും.
രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ യാണ് പ്രവൃത്തി സമയം. ലഗ്ഗേജ് ഇവിടെ നൽകി ബോർഡിംഗ് പാസ്സുമായി വിമാന ത്താവളത്തിൽ എത്തിയാൽ മതി. മുതിർന്നവർക്കു 45 ദിർഹം, കുട്ടികൾക്ക് 25 ദിർഹം, 2 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് 15 ദിർഹം എന്നിങ്ങനെയാണ് സേവന നിരക്ക് ഈടാക്കുന്നത്. നാലംഗ കുടുംബത്തിന് 120 ദിർഹം മതി. എയർ പോർട്ടിലെ തിരക്കിൽ നിന്നു രക്ഷപ്പെടാനും ആയാസ രഹിതമായി യാത്രാ നടപടികൾ പൂർത്തിയാക്കാനും സിറ്റി ചെക്ക് ഇൻ സേവനം പ്രയോജനപ്പെടും.
അബുദാബി പോർട്ട്, എ. ഡി. പോർട്ട് ഗ്രൂപ്പ്, കാപ്പിറ്റൽ ട്രാവൽ, ഇത്തിഹാദ് എയർ പോർട്ട് സർവ്വീസസ്, ഒയാസിസ് മിഡിൽ ഈസ്റ്റ്, ടൂറിസം 365 എന്നിവയുടെ സംയുക്ത സംരംഭമായ മൊറാഫിക് ഏവിയേഷൻ സർവ്വീസസ് ആണ് സിറ്റി ടെർമിനൽ ചെക്ക് ഇന്‍ സേവനത്തിനു ചുക്കാൻ പിടിക്കുന്നത്.