ദുബായ് : മലബാറിലെ കരാട്ടെ പ്രചാരകന്‍ എന്ന വിശേഷണമുള്ള കരാട്ടെ പരിശീലകനും ലോകം എമ്പാടും ശിഷ്യ ഗണങ്ങളുള്ള ഗ്രാൻഡ് മാസ്റ്റർ ഗ്രാൻഡ് മാസ്റ്റർ കെ. എം. ഷെരീഫ് പയ്യോളി പെരുമയുടെ ആദരം എറ്റു വാങ്ങി.
കെ. എം. ഷെരീഫിനെ അഡ്വ. മുഹമ്മദ് സാജിദ് സദസ്സിനു പരിചയപ്പെടുത്തി. വളരെ ചെറുപ്പത്തിൽ തന്നെ പ്രവാസം ആരംഭിച്ച ഷെരീഫ്, വിദേശത്തു വെച്ചു തന്നെ കരാട്ടെയിൽ ബ്ലാക്ക് ബെല്‍റ്റും റെഡ് ബെൽറ്റും നേടി. അന്താരാഷ്ട്ര കരാട്ടെ ഫെഡറേഷന്‍റെ മുൻ ഇന്ത്യൻ വൈസ് പ്രസിഡണ്ട് കൂടിയായ ഇദ്ദേഹം നേപ്പാൾ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ക്ലാസ്സുകള്‍ നടത്തുകയും പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ഏറെ അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഇന്‍റര്‍ നാഷണൽ ഗോൾഡ് മെഡലിസ്റ്റും തെലുങ്കാന പോണ്ടിച്ചേരി ഗവർണ്ണർമാരുടെ അവർഡിനും അർഹനായ ഷെരീഫ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, മുൻ രാഷ്ട്രപതിമാരായ കെ. ആർ. നാരായണൻ, എ. പി. ജെ. അബ്ദുൽ കലാം, മുൻ മുഖ്യ മന്ത്രി കെ. കരുണാകരൻ തുടങ്ങിയവരുടെ പ്രശംസ പത്രങ്ങളും നേടിയിട്ടുണ്ട്.
പെരുമ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി പൊന്നാട അണിയിച്ചു. സത്യൻ പള്ളിക്കര ഉപഹാരം നൽകി.
സുരേഷ്, മൊയ്‌ദീൻ പട്ടായി, ഫിറോസ്, ഫൈസൽ തിക്കോടി, നൗഷർ, പവിത്രൻ, മൊയ്‌ദു, സുരേന്ദ്രൻ, നിഷാദ്, ഗഫൂർ ടി. കെ., റയീസ് എന്നിവർ ആശംസ കൾ നേർന്നു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ വേണു അയനിക്കാട് നന്ദിയും പറഞ്ഞു.
സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യിൽ എത്തിയ അദ്ദേഹത്തിന് തന്‍റെ നാട്ടുകാരും ശിഷ്യന്മാരും ഉൾപ്പെട്ട വൻ സദസ്സിൽ ആദരം ഏറ്റു വാങ്ങിയത് വേറിട്ട അനുഭവവുമായി. Peruma Payyoli