അബുദാബി : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബുദാബി ചാപ്റ്ററിന്‍റെ 34 ആമത് അന്താ രാഷ്ട്ര വാർഷിക സെമിനാർ രണ്ടു ദിവസങ്ങളിലായി അബുദാബിയില്‍ വെച്ച് നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അബുദാബി ബാബ് അൽ ബഹ്ർ ഫയർ മോണ്ട് ഹോട്ടലിൽ 2023 ഫെബ്രുവരി 4, 5 (ശനി, ഞായർ) തിയ്യതികളില്‍ ഒരുക്കുന്ന സെമിനാറില്‍ സാമ്പത്തിക, ആരോഗ്യ, നിക്ഷേപ, കായിക, മാധ്യമ, സാഹിത്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
2023 ഫെബ്രുവരി നാല്, ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന സമ്മേളനത്തിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ധന മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഹാജി അല്‍ ഖൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസുഫലി, ആസ്റ്റർ എം. ഡി. ഡോക്ടർ ആസാദ് മൂപ്പൻ, ന്യൂസിലാൻഡ് ക്രിക്കറ്റര്‍ ജെയിംസ് ഫ്രാങ്ക്‌ളിൻ, ഇന്ത്യൻ ക്രിക്കറ്റര്‍ റോബിൻ ഉത്തപ്പ, ബുർജീൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോക്ടർ ഷംഷീർ വയലിൽ കൂടാതെ ഇന്ത്യയിൽ നിന്നും യു. എ. ഇ. യിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ബോളിവുഡ് ഗായിക കനിക കപൂര്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.
ഫെബ്രുവരി അഞ്ച്, ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സമ്മേളന ത്തിൽ ‘പരിവർത്തന ത്തിന്‍റെ പുനർനിർവ്വചനം : അനന്ത സാദ്ധ്യതകൾ’ എന്ന പ്രമേയത്തില്‍ പ്രമുഖ സാഹിത്യകാരൻ ചേതൻ ഭഗത് സംവദിക്കും. എണ്ണൂറോളം പ്രതിനിധികൾ സെമിനാറില്‍ ഭാഗമാകും എന്നും സംഘാടകർ അറിയിച്ചു.
ഐ. സി. എ. ഐ. ചെയർമാൻ സി. എ. ജോൺ ജോർജ്, വൈസ് ചെയർമാൻ കൃഷ്ണൻ, ജനറൽ സെക്രട്ടറി എൻ. വി. രോഹിത് ദയ്മ, ട്രഷറർ പ്രിയങ്ക ബിർള, അജയ് സിംഗ്വി, ഷഫീഖ് നീലയിൽ, അനു തോമസ്, മുഹമ്മദ് ഷഫീഖ്, രമേഷ് ദവെ, അങ്കിത് കോത്താരി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Twitter