കോഴിക്കോട്: വടകര മണ്ഡലത്തിലെ വോട്ടര്മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില് അപകീര്ത്തിപ്പെടുത്താനും ശ്രമിച്ചെന്നുകാട്ടി ആര്എംപി നേതാക്കള്ക്കെതിരെ എല്ഡിഎഫ് സ്ഥാനാര്ഥി പി. ജയരാജന് വക്കീല്നോട്ടീസ് അയച്ചു. സ്ഥാനാര്ഥിക്കെതിരെ അപകീര്ത്തികരമായ പരാമര്ശം നടത്തിയ കെ.കെ. രമ, എന്. വേണു, പി. കുമാരന്കുട്ടി എന്നിവര്ക്കെതിരെ അഡ്വ. കെ. വിശ്വന് മുഖേനയാണ് വക്കീല്നോട്ടീസ് അയച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കോഴിക്കോട് ചേര്ന്ന യോഗത്തിന് ശേഷം ആര്എംപി നേതാക്കള് പി. ജയരാജനെ കൊലയാളിയെന്ന് അധിക്ഷേപിച്ചത്. വടകര പാര്ലമെന്റ് മണ്ഡലത്തിലെ വോട്ടര്മാരെ തെറ്റായി സ്വാധീനിക്കാനുള്ള പ്രസ്താവനയാണിതെന്ന് ജയരാജന് ആര്എംപി നേതാക്കള്ക്ക് അയച്ച വക്കീല് നോട്ടീസില് പറയുന്നത്.നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ്കമ്മീഷണര്ക്കും ജയരാജന് പരാതി നല്കും. അപകീര്ത്തികരവും കെട്ടിച്ചമച്ചതുമായ ആക്ഷേപത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ്കമ്മീഷനെ സമീപിച്ചിട്ടുണ്ട്.