തിരുവനന്തപുരം : ശശി തരൂർ എംപിക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കഴിഞ്ഞ ദിവസമായിരുന്നു തരൂരിന്റെ പിറന്നാള്‍. അമ്മയോടൊപ്പമായിരുന്നു തരൂരിന്റെ 63–ാം പിറന്നാള്‍ ആഘോഷം.
ട്വിറ്ററിലൂടെ പിറന്നാൾ ആശംസ അറിയിച്ച ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തരൂർ നൽകിയ മറുപടി ശ്രദ്ധേയമായി. ഉമ്മൻ ചാണ്ടിയെ ഒസി ചേട്ടാ എന്നാണ് തരൂർ അഭിസംബോധന ചെയ്തത്. ”നന്ദി ഒ.സി. ചേട്ടൻ. അങ്ങാണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് അങ്ങയുടെ പ്രവർത്തനങ്ങൾ”- തരൂർ കുറിച്ചു.
”അങ്ങയുടെ ഊർജസ്വലതയും പ്രവർത്തനങ്ങളും മനസ്സിൽ പതിയുന്നതാണ്”-ചെന്നിത്തലയ്ക്ക് മറുപടിയായി തരൂർ കുറിച്ചു. അമ്മക്കൊപ്പമാണ് പിറന്നാളെന്നും തരൂർ പറഞ്ഞു. ”അമ്മമാരാണ് എല്ലാ കഠിനാധ്വാനവും ചെയ്യുന്നത്. അതിന് അനുമോദനം ലഭിക്കുന്നതാകട്ടെ മക്കൾക്കും. ഇത് അനീതിയാണ്”- അമ്മക്കൊപ്പമുള്ള ചിത്രവും ട്വീറ്റിനൊപ്പം തരൂർ പങ്കിട്ടു.