ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടയിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലയുമായി കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതി നിധികൾ ചർച്ച നടത്തി നിവേദനം നൽകി.
ഇന്ത്യയുടെ അഭിമാനമായിരുന്ന ധീരനായ ആ നാവിക പടത്തലവന്‍റെ പേരിൽ, പയ്യോളി നഗര സഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു വിപുലമായ മ്യുസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണം എന്ന് നിവേദക സംഘം എം. എൽ. എ. യോട് ആവശ്യപ്പെട്ടു.
മരക്കാരുടെ അധിനിവേശ പോരാട്ടചരിത്ര സംഭവ ങ്ങളൊക്കെയും ഭാവി തലമുറ യിലേക്കു പകരാൻ ആ ധീര നാവിക സേനാനി യുടെ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാവണം എന്നും നിവേദക സംഘം എം. എൽ. എ. യോട് അഭ്യർത്ഥിച്ചു.
കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് നിവേദനം കൈമാറി. ഫൗണ്ടേഷൻ ഉപദേഷ്ടാക്കളും എഴുത്തു കാരുമായ ഇസ്മായിൽ മേലടി, ബഷീർ തിക്കോടി, റഹീസ് ഇരിങ്ങൽ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
ഇന്ത്യയിൽ അധിനിവേശത്തിന് എതിരെ ആദ്യം പടനയിച്ചു ജീവ ത്യാഗം വരിച്ച മഹാന്‍ എന്ന നിലയിൽ കുഞ്ഞാലി മരക്കാർക്കു ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്ത സാക്ഷിയുടെ സ്ഥാനം ഉള്ളതെന്നു എം. എൽ. എ. പറഞ്ഞു.
സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന നിയമ സഭാ സമ്മേളനത്തിൽ ഉന്നയിക്കാം എന്നും മരക്കാർ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തുവാന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്യും എന്നും കാനത്തിൽ ജമീല എം. എൽ. എ. ഉറപ്പു നൽകി.