കൊച്ചി : ഇനി മുതല്‍ സംസ്ഥാനത്ത് കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല. ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയിലും പാചക വാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങള് കൊണ്ടു പോകുവാന്‍ അനുവാദം ഇല്ല.
ഇതു സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) നിയമം കര്‍ശനമാക്കി. വീടുകളിലേക്ക് പാചക വാതകം (എൽ. പി. ജി. സിലിണ്ടറുകൾ) സ്വന്തം വാഹനത്തിൽ കൊണ്ടു പോയാലും നടപടി ഉണ്ടാവും. വഴിയില്‍ വെച്ച് ബൈക്കിലെ പെട്രോള്‍ തീർന്നു വണ്ടി നിന്നു പോയാൽ കുപ്പിയുമായി ചെന്നാൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല.
നിയമം കര്‍ശ്ശനമായതോടെ യാത്രക്കാരുമായി പോകുന്ന ബസ്സുകള്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറക്കുന്ന രീതിയും അവസാനിപ്പിക്കും. യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം അടിക്കുവാന്‍ ബസ്സുകളെ അനുവദിക്കൂ.
ട്രെയിനുകളില്‍ വാഹനം പാര്‍സല്‍ ചെയ്തു കൊണ്ടു പോകുമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുത് എന്ന് റെയില്‍വേ നിയമം നിലവില്‍ ഉണ്ട്.
പെട്രോള്‍, ഡീസല്‍, എല്‍. പി. ജി. ഉള്‍പ്പെടെയുളളവ വിതരണക്കാരുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുടെ സാന്നിദ്ധ്യത്തിലും അല്ലാതെ കൊണ്ടു പോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും എന്നും പെസോ അറിയിച്ചു.