അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗത്തിൻ്റെ കീഴിൽ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു. സാഹിത്യ അഭിരുചിയുള്ള സെന്‍റർ അംഗങ്ങൾക്കും അനുഭാവികൾക്കും തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും കൂടുതൽ ഇടപെടലുകൾ നടത്താനും വേദി ഒരുക്കുക, സെൻ്ററിൻ്റെ സാഹിത്യ വിഭാഗം ഒരുക്കുന്ന പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റററി ക്ലബ്ബ് രൂപീകരിച്ചത്.
സാഹിത്യ വിഭാഗം സെക്രട്ടറി യു. കെ. മുഹമ്മദ് കുഞ്ഞി (ചെയർമാൻ), ജുബൈർ വെള്ളാടത്ത് (ജനറൽ കൺവീനർ), മുഹമ്മദലി മാങ്കടവ്, നൗഫൽ പേരാമ്പ്ര (കൺവീനർമാർ) എന്നിവർ ലിറ്റററി ക്ലബ്ബിന് നേതൃത്വം നൽകും.
സെൻ്റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ്, മുഹമ്മദ് നാഫിഹ് വാഫി, ഷാനവാസ് പുളിക്കൽ, യു. കെ. മുഹമ്മദ് കുഞ്ഞി, സ്വാലിഹ് വാഫി എന്നിവർ സംസാരിച്ചു.
ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ സാഹിത്യ വിഭാഗം നടത്താന്‍ ഉദ്ദേശിക്കുന്ന ഐ. ഐ. സി. ബുക്ക് ഫെസ്റ്റ്, അരനൂറ്റാണ്ട് പിന്നിടുന്ന സെൻ്ററിൻ്റെ ഗതകാല ചരിത്രം ഉൾക്കൊള്ളുന്ന സമഗ്രമായ ചരിത്ര ഗ്രന്ഥം ഒരുക്കുക തുടങ്ങിയ പദ്ധതികൾ സെക്രട്ടറി വിശദീകരിച്ചു.
ജുബൈർ വെള്ളാടത്ത് രചിച്ച ‘എന്‍റെ ആനക്കര, നാൾ വഴികളും നാട്ടു വഴികളും’ എന്ന പുസ്തകം ഇസ്ലാമിക് സെന്‍റർ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.