മുടി മറച്ച വാർത്താ വായന വിവാദമായി

September 5th, 2012

veiled-newsreader-epathram

കൈറോ : ഈജിപ്റ്റിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ആദ്യമായി ഒരു വനിത മുടി മറച്ച് വാർത്ത വായിച്ചത് വൻ വിവാദമായി. പുറത്താക്കപ്പെട്ട ഹൊസ്നി മുബാറക്കിന്റെ ഭരണകാലത്ത് മത നിരപേക്ഷതയിൽ ഊന്നൽ നൽകി ഇത്തരം വേഷവിധാനങ്ങൾ ധരിച്ച സ്ത്രീകളെ സർക്കാരിന്റെ മുഖം എന്ന നിലയ്ക്ക് സർക്കാർ ചാനലിൽ വാർത്ത വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റ് പരിപാടികളിൽ പങ്കെടുക്കുന്ന സ്ത്രീകളെ വേഷവിധാനങ്ങളുടെ പേരിൽ വിലക്കിയിരുന്നുമില്ല. എന്നാൽ ഈ പുതിയ മാറ്റം ഭരണത്തിലും ഈജിപ്ഷ്യൻ സമൂഹത്തിലും യാഥാസ്ഥിതിക ചിന്ത പ്രചരിപ്പിക്കുവാനുള്ള മുസ്ലിം ബ്രദർഹുഡിന്റെ ബോധപൂർവ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

മുടി മറയ്ക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ സാദ്ധ്യമായത് എന്നും അതിനാൽ ഇത് സ്ത്രീ സ്വാതന്ത്ര്യത്തെ ഉറപ്പു വരുത്തുന്ന സ്വാഗതാർഹമായ നടപടി ആണെന്നും വാദിക്കുന്നവരും ഈജിപ്റ്റിലുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on മുടി മറച്ച വാർത്താ വായന വിവാദമായി

വിരുന്നിൽ പങ്കെടുത്ത 17 പേരുടെ തല താലിബാൻ അറുത്തു

August 28th, 2012

taliban escape-epathram

കണ്ഡഹാർ : താലിബാനെ പുറത്താക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ നില നിന്നിരുന്ന ഭീകരാവസ്ഥയെ ഓർമ്മിപ്പിച്ചു കൊണ്ട് താലിബാൻ ഒരു ഗ്രാമത്തിലെ 17 പേരുടെ തല അറുത്തു കൊന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു വിരുന്നിൽ പങ്കെടുത്തതിനുള്ള ശിക്ഷാ നടപടി ആയിരുന്നു ഇത്. വിരുന്നിൽ പങ്കെടുത്ത 2 സ്ത്രീകളെയും 15 പുരുഷന്മാരെയും ആണ് താലിബാൻ വധിച്ചത്.

പൊതുവെ കടുത്ത യാഥാസ്ഥിതിക ചിന്താഗതിയുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പൊതു ചടങ്ങുകളിൽ പങ്കെടുക്കാറില്ല. അത്തരം വിരുന്നു സൽക്കാരങ്ങൾ പൊതുവെ രഹസ്യമായാണ് നടത്താറ്. വിരുന്നിൽ സംഗീതം ഉണ്ടായിരുന്നതും താലിബാനെ ചൊടിപ്പിച്ചു എന്നാണ് അധികൃതർ പറയുന്നത്.

സംഭവത്തെ അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് ഹമീദ് കർസായി അപലപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on വിരുന്നിൽ പങ്കെടുത്ത 17 പേരുടെ തല താലിബാൻ അറുത്തു

നഴ്സിംഗ് സമരം ചരിത്ര വിജയത്തില്‍

August 17th, 2012

nurses-strike-epathram

കോതമംഗലം : കോതമംഗലം മാര്‍ ഗ്രിഗോറിയോസ് അശുപത്രിയില്‍ മൂന്നു മാസക്കാലമായി നടന്നു വന്ന സമരം നിരവധി ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു കൊണ്ട് ചരിത്ര വിജയം നേടിയത് കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ ഏടായി. ഏറെക്കാലമായി നഴ്സിംഗ് മേഖല നേരിടുന്ന തൊഴില്‍ പീഡനത്തിനെതിരെ കേരളത്തില്‍ നടന്നുവന്ന സമരത്തിനു നേരെ മുഖം തിരിച്ചു നിന്ന മാനേജ്മെന്റിന്റെ ദാർഷ്ട്യത്തിന് മുന്നറിയിപ്പ്‌ കൂടെയായി കേരള സമൂഹത്തിന്‍റെ അകമഴിഞ്ഞ പിന്തുണ.

നഴ്സിംഗ് സമൂഹം വളരെ വലിയ ചൂഷണം നേരിടുന്നത് സമീപ കാലത്താണ് കേരള സാമൂഹ്യ മണ്ഡലത്തില്‍ വലിയ ചര്‍ച്ചാവിഷയമാകുന്നത്. വലിയ പ്രതീക്ഷകളുമായി നഴ്സിംഗ് പഠനത്തിന് ചേര്‍ന്ന കുട്ടികളെ കാത്തിരുന്ന തൊഴില്‍ പീഡനത്തിന്റെ കദന കഥകള്‍ വലിയ സമര ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന കേരള രാഷ്ട്രീയ മണ്ഡലം തിരിച്ചറിയാതെ പോയതാണോ, അതോ കണ്ടില്ലന്നു നടിച്ചതാണോ എന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്കു നേരെയുള്ള ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു.

നഴ്സിംഗ് സമരം പിന്നിട്ട വഴിത്താരകള്‍ വിശകലനം ചെയ്യുമ്പോൾ പരമ്പരാഗത സമര രീതികളിൽ നിന്നും വളരെ വ്യത്യസ്തം ആണെന്നു കണ്ടെത്താന്‍ സാധിക്കുന്നു. സാമൂഹത്തിലെ ഏറ്റവും വലിയ സേവന രംഗമായ ആതുര മേഖലയിൽ ഭൂമിയിലെ മാലാഖമാര്‍ എന്ന ഓമന പേരിൽ അറിയപ്പെടുന്ന നഴ്സുമാരുടെ പ്രശ്നങ്ങള്‍ വെളിപ്പെടുവാന്‍ നിരവധി ആത്മഹത്യകള്‍ വേണ്ടി വന്നു എന്നത് ഒരു ദുരന്ത സത്യം. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ ബാങ്ക്‌ വായ്പ പോലും തിരിച്ചടയ്ക്കാന്‍ നിര്‍വാഹം ഇല്ലാതെ ജീവിതത്തിന്‍റെ മുന്നില്‍ പകച്ചു നിന്നപ്പോളാണ് ജീവന്‍ പോലും അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. അതിജീവനത്തിന്‍റെ അവസാന പ്രതീക്ഷകള്‍ക്കും നിറം മങ്ങിയപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ജീവിതങ്ങൾ.

പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളില്‍ മുല്ല വിപ്ലവത്തിന് തുടക്കം കുറിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെയാണ് ഈ സമരത്തിന്റെയും ഗതിവേഗം കൂട്ടിയത്. സഹപ്രവര്‍ത്തകരുടെ നൊമ്പരമുണർത്തുന്ന ഓര്‍മ്മകള്‍ പങ്കു വെച്ച സുഹൃത്തുകള്‍ ഒരു വലിയ സമൂഹത്തിന്‍റെ പ്രതീഷകള്‍ക്ക് അവരറിയാതെ തന്നെ തുടക്കം കുറിക്കുകയായിരുന്നു. ചെറിയ തോതിലുള്ള പ്രതിഷേധ സമരത്തെ തുടക്കത്തില്‍ കണ്ടില്ലെന്നു നടിക്കുകയും പിന്നീട് അവഹേളനത്തിലൂടെയും, ഭീഷണിയിലൂടെയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സങ്കുചിത താല്പര്യമുള്ള രാഷ്ട്രീയ നേതൃത്വത്തിനും സര്‍വ സീമകളും ലംഘിച്ചു ചൂഷണത്തിന് നേതൃത്വം നല്‍കുന്ന മാനേജ്മെന്റ്കള്‍ക്ക് എതിരെയും ഉള്ള വലിയൊരു മുന്നറിയിപ്പ്‌ കൂടിയാകുന്നു ഈ സമര വിജയം. സുസംഘടിതരായ മത നേതൃത്വത്തിന്‍റെ കർശനമായ വിലക്കുകളേയും സമ്മർദ്ദങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് കൂടി നേടിയ ഈ വിജയം പുത്തന്‍ തലമുറയ്ക്ക് തികച്ചും അശാവഹം ആകുമെന്നതില്‍ തര്‍ക്കമില്ല.

- സുബിന്‍ തോമസ്‌

വായിക്കുക: , , ,

Comments Off on നഴ്സിംഗ് സമരം ചരിത്ര വിജയത്തില്‍

നേഴ്സുമാരുടെ സമരം വിജയിച്ചു

August 17th, 2012

mar-baselios-hospital-nurses-epathram

കോതമംഗലം : അടിസ്ഥാന തൊഴിൽ സൌകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് എതിരെ നേഴ്സുമാർ നടത്തിയ പ്രതിഷേധ സമരം വിജയിച്ചു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് സമരം ഒത്തു തീർന്നത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നു മാസത്തിൽ ഏറെ കാലമായി നടന്നു വന്ന സമരം ഒടുവിൽ മൂന്ന് നേഴ്സുമാർ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ചൂട് പിടിച്ചത്.

ആത്മഹത്യ ചെയ്യാനായി വിദ്യ, അനു, പ്രിയ എന്നിവർ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ കയറി ആത്മഹത്യാ ഭീഷണി നടത്തി. ഇതേ തുടർന്ന് ഇവർക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് നാട്ടുകാർ ആശുപത്രിക്ക് പുറത്തും പൊതു നിരത്തിലും കുത്തിയിരിപ്പ് തുടങ്ങി. ജനശ്രദ്ധ ആകർഷിച്ചതോടെ രാഷ്ട്രീയക്കാരും സ്ഥലത്തെത്തി. ആർ. ഡി. ഒ., തഹസിൽദാർ, ഫയർ ഫോഴ്സ് ഓഫിസർ, ഡി. വൈ. എസ്. പി. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ച മാനേജ്മെന്റ് നിലപാടിൽ ഉറച്ചു നിന്നത് മൂലം പരാജയപ്പെട്ടു.

മാനേജ്മെന്റ് പ്രതിനിധികൾ സംഭവസ്ഥലത്ത് നിന്നും മാറി നിന്നത് മൂലം ഒത്തുതീർപ്പ് ശ്രമങ്ങൾ ടെലിഫോൺ വഴിയായിരുന്നു. തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി നേഴ്സുമാർ നേരത്തെ നടത്തിയ സമരം മാർച്ച് 5ന് ഒത്തുതീർപ്പ് ആയപ്പോൾ തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള മിനിമം വേതനം, ഷിഫ്ട് സമ്പ്രദായം എന്നിവ മാർ ബസേലിയോസ് ആശുപത്രി മേധാവികൾ നടപ്പിലാക്കാൻ കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ സമരം നടത്തിയത്. സ്ഥിരപ്പെടുത്താനുള്ള നേഴ്സുമാരുടെ എണ്ണത്തെ ചൊല്ലിയും തർക്കമുണ്ട്. സമുദായത്തെ വെറുപ്പിക്കാനുള്ള ഭീതി മൂലമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ സമരത്തിൽ ഇടപെടാതെ മാറി നിന്നത് എന്ന് പരാതിയുണ്ട്. ഇത്രയേറെ ജനശ്രദ്ധ ആകർച്ചിച്ചിട്ടും മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുവാൻ കൂട്ടാക്കിയില്ല.

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ രാത്രി സ്ഥലത്തെത്തി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്നാണ് നേഴ്സുമാർ സമരം പിൻവലിക്കാൻ സന്നദ്ധരായത്. തൊഴിൽ കമ്മീഷണറുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സമരത്തിന് മുൻപ് നിലനിന്ന അതേ അവസ്ഥയിൽ നേഴ്സുമാർ ജോലിക്ക് പ്രവേശിക്കും എന്ന് ധാരണയായി. ഞായറാഴ്ച്ച തൊഴിൽ മന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കും. നേഴ്സുമാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നവും ചർച്ച ചെയ്യും. ഇരു വിഭാഗത്തിന്റേയും പ്രതിനിധികൾ ഒപ്പു വെച്ച ഒത്തുതീർപ്പ് കരാർ ചർച്ചയ്ക്ക് ശേഷം വി. എസ്. അച്യുതാനന്ദൻ സമരപ്പന്തലിൽ എത്തി അറിയിച്ചതോടെ ഉദ്വേഗ ഭരിതമായ നിമിഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് നേഴ്സുമാർ സമരം അവസാനിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on നേഴ്സുമാരുടെ സമരം വിജയിച്ചു

സ്ത്രീ ലൈംഗിക വിപ്ലവം : ഹെലെൻ ഓർമ്മയായി

August 14th, 2012

helen-gurley-brown-epathram

മൻഹാട്ടൻ : ആധുനിക അമേരിക്കൻ സ്ത്രീയുടെ ലൈംഗികതാ സങ്കൽപ്പങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ നൽകി പൊള്ളയായ സദാചാര ബോധത്തെ തച്ചുടയ്ക്കുകയും ചെയ്ത എഴുത്തുകാരി ഹെലൻ ഗേളി ബ്രൌൺ അന്തരിച്ചു. മരിക്കുമ്പോൾ 90 വയസായിരുന്നു ഹെലെന് എങ്കിലും ഹെലന്റെ പല ശരീര ഭാഗങ്ങൾക്കും പ്രായം നന്നേ കുറവായിരുന്നു എന്ന് ഈ എഴുത്തുകാരിക്ക് ഉചിതമായ ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് പത്രം എഴുതുന്നു.

cosmopolitan-magazine-epathram

1960 കളുടെ ആരംഭത്തിൽ “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിലൂടെ അവിവാഹിതരായ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നും അത് അവർ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു എന്നെഴുതി അമേരിക്കൻ സമൂഹത്തെ ഹെലെൻ ഞെട്ടിച്ചു. കോസ്മോപോളിറ്റൻ മാസികയിൽ പിന്നീടുള്ള മുപ്പത് വർഷക്കാലം അവർ ലൈംഗികതയെ കുറിച്ച് തുറന്ന ചർച്ചകൾ പ്രോൽസാഹിപ്പിച്ചു. ഇന്നത്തെ വനിതാ മാസികകളിൽ സ്ത്രീയുടെ നഗ്ന സൌന്ദര്യം പുറം ചട്ടകളിൽ അച്ചടിച്ചു വരുന്നതിൽ ഹെലെന്റെ പങ്ക്‍ ചെറുതല്ല. “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിൽ ഹെലെൻ പെൺകുട്ടികളെ നന്നായി വസ്ത്രധാരണം ചെയ്യുവാനും, സ്വയം ഒരുങ്ങുവാനും, പുരുഷനുമായുള്ള സൌഹൃദ പ്രണയ ബന്ധങ്ങൾ പൂർണ്ണമായി ആസ്വദിക്കുവാനും, സമയമാവുമ്പോൾ പുരുഷനെ സ്വന്തമാക്കാനുമെല്ലാം പഠിപ്പിച്ചു.

young-helen-gurley-brown-epathram
ഹെലെൻ : ഒരു പഴയ ഫോട്ടോ

സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് ഹെലെൻ വിശേഷിപ്പിച്ചിരുന്നുവെങ്കിലും സ്ത്രീ വിമോചനത്തിന് ഹെലെന്റെ സ്വാധീനം എത്രത്തോളം സഹായിച്ചു എന്നത് എല്ലാകാലത്തും ചർച്ചാവിഷയമായിരുന്നു.

യുദ്ധാനന്തര ലോകത്ത് മറ്റേത് വനിതാ മാസികകളേയും പോലെ ശരീര സൌന്ദര്യവും ആകാര വടിവും നിലനിർത്താൻ വെമ്പുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ട്, കുട്ടികളെ നന്നായി വളർത്താനും, സ്വാദിഷ്ടമായ വിഭവങ്ങൾ പാകം ചെയ്ത് ഭർത്താവിന്റെ പ്രശംസ പിടിച്ചു പറ്റാനും സഹായിക്കുന്ന ഒരു മാസികയായിരുന്നു കോസ്മോപൊളിറ്റൻ. ഹെലെൻ പത്രാധിപയായതോടെ ഈ സ്ഥിതി മാറി. ആദ്യം തന്നെ മാസികയിൽ നിന്നും അവർ കുട്ടികളേയും പാചകവും ദൂരെ കളഞ്ഞു. എന്നാൽ ആരോഗ്യകരമായ ഭക്ഷണ രീതിയും ശരീര സൌന്ദര്യ സംരക്ഷണവും അവർ നിലനിർത്തി. എന്നാൽ അപ്പോഴും അനുയോജ്യനായ പുരുഷനെ കണ്ടെത്തുക എന്നത് തന്നെയായിരുന്നു സ്ത്രീയുടെ ലക്ഷ്യം. പക്ഷെ 23 വയസ് കഴിയുമ്പോഴേക്കും സ്ത്രീ പ്രണയബന്ധങ്ങൾക്ക് അപ്പുറമാവുന്ന അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രണയവും ലൈംഗികതയും എത്രനാൾ വേണമെങ്കിലും ആസ്വദിക്കാൻ ഹെലെൻ നൽകിയ ഉദ്ബോധനം ഏറെ വിപ്ലവകരമായിരുന്നു. ഏതെങ്കിലും ഒരു പുരുഷനെ കണ്ടെത്തുകയല്ല, മറിച്ച് തനിക്ക് അനുയോജ്യമാണെന്ന് അനുഭവങ്ങളിലൂടെ തന്നെ മനസ്സിലാക്കുന്നത് വരെ ബന്ധം ആസ്വദിക്ക്വാനും ഹെലെൻ സ്ത്രീയെ പഠിപ്പിച്ചു. ലക്ഷ്യം വെറും ലൈംഗികത ആവുന്നതിലും കുഴപ്പമില്ല എന്ന ഹെലെന്റെ പക്ഷം അമേരിക്കൻ സ്ത്രീത്വത്തിന് നവീനമായ ലൈംഗിക സ്വാതന്ത്ര്യം നൽകി. ഭർത്താവും കുട്ടികളും അടങ്ങുന്ന വൃത്തത്തിന് പുറത്തേയ്ക്ക് സ്ത്രീയുടെ ലോകം വ്യാപിച്ചു. സ്വയംകൃതമായ, ലൈംഗിക ഉൽക്കർഷേച്ഛ നിർലജ്ജമായി പ്രകടിപ്പിക്കുന്ന, നന്നായി വസ്ത്രധാരണം ചെയ്യുകയും, ആ വസ്ത്രങ്ങൾ അഴിച്ചു വെയ്ക്കുമ്പോൾ മനസ്സ് തുറന്ന് ആസ്വദിക്കുകയും ചെയ്യുന്ന ആധുനിക സ്ത്രീയായിരുന്നു ഹെലെന്റെ സങ്കൽപ്പത്തിലെ സ്ത്രീ. 90കളിൽ പ്രമാദമായ ചില ലൈംഗിക പീഡന കേസുകളെ സംബന്ധിച്ച ഹെലെന്റെ അഭിപ്രായങ്ങൾ വിവാദമായി. പുരുഷൻ തന്നിൽ ആകൃഷ്ടനാവുന്നത് ഏതൊരു സ്ത്രീയ്ക്കും സുഖമുള്ള അനുഭവമാണ് എന്നായിരുന്നു ഹെലെന്റെ പക്ഷം. ഇത് അക്കാലത്തെ സ്ത്രീ വിമോചന പ്രവർത്തകരെ പ്രകോപിതരാക്കി. 50 കഴിഞ്ഞ സ്ത്രീകളോട് ഹെലെന്റെ ഉപദേശം ഇതിലും കൌതുകകരമാണ്. പ്രായം ഏറും തോറും വേണ്ടത്ര പുരുഷന്മാരെ ലഭിക്കാതായാൽ തങ്ങളുടെ സുഹൃത്തുക്കളുടെ ഭർത്താക്കന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രസകരമായിരിക്കും എന്നായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on സ്ത്രീ ലൈംഗിക വിപ്ലവം : ഹെലെൻ ഓർമ്മയായി

Page 31 of 32« First...1020...2829303132

« Previous Page« Previous « പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ്‌ ഡ്യൂട്ടി : ഒപ്പു ശേഖരണം ഓണ്‍ലൈനില്‍
Next »Next Page » മലയാളി യുവാവിനെ ദുബായില്‍ കാണാതായി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha