നിഷേധ വോട്ടാവാം

September 27th, 2013

election-ink-mark-epathram

ന്യൂഡൽഹി : രാഷ്ട്രീയക്കാർക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി രാജ്യത്ത് നിഷേധ വോട്ട് അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കി. സ്ഥാനാർത്ഥി പട്ടികയിലെ ആരെയും തിരഞ്ഞെടുക്കുന്നില്ല എന്ന് അടയാളപ്പെടുത്താൻ സാദ്ധ്യമാവുന്ന ഒരു ബട്ടൺ കൂടി വോട്ടിങ്ങ് യന്ത്രത്തിൽ സജ്ജീകരിക്കണം എന്നാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് മുതൽ ഈ നിർദ്ദേശം നടപ്പിലാക്കി തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇത്തരം ഒരു ബട്ടൺ “നൺ ഓഫ് ദി അബവ്” (None Of The Above) എന്നായിരിക്കും അറിയപ്പെടുക. ചുരുക്കത്തിൽ “നോട്ട” (NOTA) എന്നും. ഇത്തരം ഒരു പുതിയ ബട്ടൺ നിലവിൽ വന്ന കാര്യം വോട്ടർമാരെ അറിയിക്കാനായി വൻ തോതിൽ പ്രചാരവേലകൾ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം നിഷേധ വോട്ട് വൻ തോതിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ മാറ്റം വരുത്തും എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംശുദ്ധരായ സ്ഥാനാർത്തികളെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാവും.

ഇപ്പോഴത്തെ നിലയിൽ പട്ടികയിലുള്ള ആർക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്ത ഒരു വോട്ടർ ഒരു റെജിസ്റ്ററിൽ ഒപ്പ് വെയ്ക്കണം എന്നാണ് നിബന്ധന. ഇത് വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നു.

ഒരു മണ്ഡലത്തിൽ പകുതിയിലേറെ പേർ നിഷേധ വോട്ട് ചെയ്യുകയാണെങ്കിൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിഷേധ വോട്ടിങ്ങിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ ഈ ഉത്തരവ് പ്രകാരം നോട്ട വോട്ടുകൾ എണ്ണുവാൻ സാദ്ധ്യമല്ല. അതിനാൽ തന്നെ നിഷേധ വോട്ടിന് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധിക്കില്ല.

- ജെ.എസ്.

വായിക്കുക: ,

Comments Off on നിഷേധ വോട്ടാവാം

നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ്: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

September 19th, 2013

അഹമ്മദാബാദ്: ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെന്ന് മുന്‍ ചീഫ് ജസ്റ്റിസും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വി.ആര്‍.കൃഷ്ണയ്യര്‍. മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കത്തിലാണ് കൃഷ്ണയ്യര്‍ ഇപ്രകാരം പറഞ്ഞത്. മനുഷ്യാവകാശങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുവാന്‍ മോഡിക്ക് കഴിയുന്നു. മോഡി ഒരു സോഷ്യലിസ്റ്റാണ് താനും ഒരു സോഷ്യലിസ്റ്റാണെന്നും അതിനാല്‍ മോഡിയെ പിന്തുണയ്ക്കുന്നു എന്നും പ്രധാനമന്ത്രി പദത്തില്‍ മോഡി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ കാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരിക്കുന്നു. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് കത്ത് പുറത്ത് വിട്ടത്.

2002-ലെ ഗുജറാത്ത കലാപം അന്വേഷിക്കുവാന്‍ സിറ്റിസണ്‍ ട്രിബ്യൂണലിനു നേതൃത്വം നല്‍കിയ ആളാണ് ജസ്റ്റിസ്.കൃഷ്ണയ്യര്‍. അന്നത്തെ റിപ്പോര്‍ട്ടില്‍ നൂറുകണക്കിനു മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ആസൂത്രകനായാണ് കൃഷ്ണയ്യര്‍ 600 പേജു വരുന്ന റിപ്പോര്‍ട്ടില്‍ മോഡിയെ കുറിച്ച് പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് പിന്നീട് മോഡിയ്ക്കെതിരെ രാജ്യത്തെങ്ങും നടന്ന പ്രചാരണങ്ങളില്‍ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി മോഡിയോടുള്ള കൃഷ്ണയ്യരുടെ നിലപാടില്‍വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കുറച്ച് കാലം മുമ്പും ജസ്റ്റിസ്. കൃഷ്ണയ്യര്‍ പ്രസ്ഥാവന ഇറക്കിയിരുന്നു.

ഇടതു സഹയാത്രികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി അറിയപ്പെടുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പ്രശംസയ്ക്ക് നരേന്ദ്ര മോഡി നന്ദി പറഞ്ഞുകൊണ്ട് മറുപടി എഴുതി. കൃഷ്ണയ്യരുടെ നല്ല വാക്കുകള്‍ തനിക്ക് എന്നും പ്രചോദനമാകുമെന്ന്‍ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഫേസ് ബുക്കിലും മോഡി കൃഷ്ണയ്യര്‍ക്കുള്ള നന്ദി പ്രകടിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ്: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

ജെ.എന്‍.യു തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണ പരാജയം

September 18th, 2013

ന്യൂഡെല്‍ഹി: ജെ.എന്‍.യു.വില്‍ ശാനിയാഴ്ച നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂ‍ര്‍ണ്ണ പരാജയം. ഒറ്റ സീറ്റു പോലും നേടുവാനാകാതെ എസ്.എഫ്.ഐ ചരിത്രത്തില്‍ ആദ്യമായി ജെ.എന്‍.യു തിരഞ്ഞെടുപ്പില്‍ പുറം തള്ളപ്പെട്ടു. തീവ്ര ഇടതുപക്ഷ സംഘടനയായ ഐസയാണ് വന്‍ വിജയം നേടി യൂണിയന്‍ ഭരണം പിടിച്ചടക്കിയത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐസ യൂണിയന്‍ ഭരണം കരസ്ഥമാക്കുന്നത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഐസയുടെ സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ ഈ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എ.ബി.വി.പിയും,എ.ഐ.എസ്.എഫും,എന്‍.എസ്.യുവും, ഡി.എസ്.എഫും ഓരോ സീറ്റ് കരസ്ഥമാക്കി.

പ്രാദേശിക വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയാകുന്നതാണ് ജെ.എന്‍.യു തിരഞ്ഞെടുപ്പ്. എസ്.എഫ്.ഐ നേരിടുന്ന ആശയ പരവും സംഘടനാപരവുമായ പ്രതിസന്ധികള്‍ അവരെ വിദ്യാര്‍ഥികളില്‍ നിന്നും അകറ്റി. 2006 വരെ എസ്.എഫ്.ഐയുടെ കുത്തകയായിരുന്നു ജെ.എന്‍.യു യൂണിയന്‍. എന്നാല്‍ എസ്.എഫ്.ഐയുടെ നിലപാടുകളില്‍ വന്ന മാറ്റം തീവ്ര ഇടതു പക്ഷ സംഘടനയായ ഐസയ്ക്ക് പുറകില്‍ വിദ്യാര്‍ഥികള്‍ അണി നിരക്കുവാന്‍ ഇടയാക്കി. നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും അടുത്തിടെ എസ്.എഫ്.ഐ വിട്ടു. ഇവര്‍ രൂപീകരിച്ച ഡി.എസ്.എഫ്‌ന് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയേക്കാള്‍ പിന്തുണ നേടുവാനായി. തുടക്ക കാലം മുതല്‍ ശക്തമായ ഇടതു സാന്നിധ്യം നിലനില്‍ക്കുന്ന ജെ.എന്‍.യുലെ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ തുടച്ച് നീക്കപ്പെട്ടു എന്നത് മുന്‍ കാല ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കൂടെയായ സി.പി.എം നേതാക്കളേയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ജെ.എന്‍.യു തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണ പരാജയം

നരേന്ദ്ര മോഡി ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

September 14th, 2013

Modi-epathram

ന്യൂഡല്‍ഹി: 2014-ലെ ലോൿസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടി പാർളിമെന്ററി ബോര്‍ഡ് തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് മോഡിയെ പ്രധാനമന്ത്രി സ്ഥാ‍നാര്‍ഥിയായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ളമെന്ററി ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു എങ്കിലും മുതിര്‍ന്ന നേതാവ് എൽ. കെ.അഡ്വാനി പങ്കെടുത്തില്ല.

നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തില്‍ അഡ്വാനിയ്ക്ക് അസംതൃപ്തിയുണ്ട്. എന്നാല്‍ മോഡിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിന് ആർ. എസ്. എസ്. ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. “2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാ ശ്രമങ്ങളും നടത്തും. പാര്‍ട്ടി എനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കി. പുതിയ ഉത്തരവാദിത്വം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും ഉന്നമനത്തിനായി വിനിയോഗിക്കും” പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മോഡി പറഞ്ഞു.

നവമ്പറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മതി മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം എന്ന് അഡ്വാനി പക്ഷത്തെ നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആർ. എസ്. എസ്. ഇത് നിരാകരിച്ചു. നേരത്തെ പ്രഖ്യാപിച്ചാല്‍ മോഡിയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നാണ് മോഡിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

ഹിന്ദുത്വ വാദികളുടെ പിന്തുണയുണ്ടെങ്കിലും കടുത്ത വെല്ലുവിളികളാണ് നരേന്ദ്ര മോഡിയെ കാത്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും എൽ. കെ. അഡ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാവിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേയും എതിര്‍പ്പ്. ഗുജറാത്ത കലാപത്തിന്റെ പേരില്‍ മോഡിയ്ക്ക് മേല്‍ നിലനില്‍ക്കുന്ന ആരോപണങ്ങൾ, എൻ. ഡി. എ. യിലെ ചില ഘടക കക്ഷികളില്‍ നിന്നും ഇനിയും മോഡിയ്ക്ക് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. ബി. ജെ. ഡി., തൃണമൂല്‍ തുടങ്ങിയ കക്ഷികള്‍ ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ് രാഷ്ടീയമായ അടിത്തറ കെട്ടിപ്പൊക്കിയിട്ടുള്ളത്. മോഡിയെ അംഗീകരിക്കുവാന്‍ അവര്‍ക്ക് വിമുഖതയുണ്ടാകും. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. ക്ക് കാര്യമായ ശക്തിയില്ല. ഏക പ്രതീക്ഷ കര്‍ണ്ണാടകയാണ്. അവിടെയാകട്ടെ തമ്മിലടി കാരണം ബി. ജെ. പി. ക്ക് ഭരണം നഷ്ടപ്പെടുകയു ചെയ്തു. യദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ ബി. ജെ. പി. ക്ക് സംഭവിച്ച പിളര്‍പ്പും തിരഞ്ഞെടുപ്പിനു മുമ്പ് പരിഹരിക്കേണ്ടതായുണ്ട്. ഹിന്ദു വികാരം ഉണര്‍ത്തിയതു കൊണ്ടു മാത്രം മോഡിക്ക് പ്രധാനമന്ത്രിയായി ജയിച്ചു കയറുവാന്‍ സാധ്യമല്ല. അഴിമതിയും, വിലക്കയറ്റവും മൂലം കോണ്‍ഗ്രസ്സിനെതിരെ രാജ്യമെങ്ങും ഉയര്‍ന്നിട്ടുള്ള ജന വികാരം വോട്ടാക്കി മാറ്റുന്നതില്‍ എത്രമാത്രം വിജയിക്കും എന്നതിനനുസരിച്ചായിരിക്കും മോഡിയുടെ പ്രധാനമന്ത്രി പദം നിശ്ചയിക്കപ്പെടുക.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on നരേന്ദ്ര മോഡി ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

മുസഫര്‍ നഗര്‍ കലാപം; മുസ്ലിം സമുദായം മുലായത്തില്‍ നിന്നും അകലുന്നു

September 12th, 2013

ലഖ്‌നൌ: 48 പേര്‍ കൊല്ലപ്പെട്ട മുസഫര്‍നഗര്‍ കലാപത്തില്‍ മുസ്ലിം സമുദായത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടിയ്ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ജമാ അത്തെ ഇസ്ലാമി, ജമാ അത്ത ഉലുമ, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, മജിലിസെ മുഷ്വാരത്ത് തുടങ്ങിയവര്‍ അഖിലേഷ് യാദവ് സര്‍ക്കാറിനെ പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു. യു.പിയിലെ മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ‘മൌലാന മുലാ‍യം’ എന്നറിയപ്പെടുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ മകനാണ് . കഴിഞ്ഞ ഇരുപത് വര്‍ഷമായി മുസ്ലിം സമുദായവും ആയിരുന്നു മുലായത്തിന്റെ രാഷ്ടീയ പിന്‍ബലം. മുസ്ലിം,യാദവ വോട്ട് ബാങ്കിന്റെ കരുത്തിലാണ് സമാജ് വാദി പാ‍ര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്നത്. വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ജമാ അത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഏതു പാര്‍ട്ടിക്കൊപ്പം നില്‍ക്കും എന്ന് മുസ്ലിം സംഘടനകള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിം സമുദായങ്ങള്‍കിടയില്‍ ഉണ്ടയ അസംതൃപ്തിയെ മുതലെടുത്ത് അവരുടെ പിന്തുണ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുവാന്നതില്‍ മുലായംസിങ്ങ് വിജയിച്ചു. കോണ്‍ഗ്രസ്സിനും, ബി.ജെ.പിക്കും കനത്ത തിരിച്ചടിനല്‍കിക്കൊണ്ട് മുലായം യു.പി.രാഷ്ടീയത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കി. മുലായത്തിന്റെ മുസ്ലിം അനുകൂല നിലപാടുകളെ തുടര്‍ന്ന് എതിരാളികള്‍ അദ്ദേഹത്തെ ‘മൌലാന മുലായം’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ കലാപം പടര്‍ന്നു പിടിച്ചപ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിലും തങ്ങളെ സംരക്ഷിക്കുന്നതിലും മുലായത്തിന്റെ പാര്‍ട്ടി പരാജയപ്പെട്ടു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

യു.പിയിലെ കലാപങ്ങളെ തുടര്‍ന്നുണ്ടാകുന്ന ദ്രുവീകരണം വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിക്കും. സമാജ് വാദി പാര്‍ട്ടിക്കെതിരെ ഉള്ള ജനവികാരത്തെ വോട്ടാക്കി മാറ്റുവാനാകും ബി.ജെ.പിയും, കോണ്‍ഗ്രസ്സും ഉള്‍പ്പെടെ ഉള്ള രാഷ്ടീയ പാര്‍ട്ടികള്‍ പ്രധാനമായും ശ്രമിക്കുക.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മുസഫര്‍ നഗര്‍ കലാപം; മുസ്ലിം സമുദായം മുലായത്തില്‍ നിന്നും അകലുന്നു

Page 50 of 51« First...102030...4748495051

« Previous Page« Previous « ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധമെന്ന പ്രമുഖ മത പഠന കേന്ദ്രത്തിന്റെ ഫത്‌വ
Next »Next Page » പരിഷത്ത് ബാലവേദി വെള്ളിയാഴ്ച ഷാര്‍ജയില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha