സാംബ സംഗീതം നിലച്ചു, ബ്രസീല്‍ നിശ്ശബ്ദമാണ്

July 9th, 2014

brazil-defeat-epathram

റിയോ ഡി ജനേറോ: ബ്രസീല്‍ ഇതു പോലൊരു ദുരന്തം ഇതു വരെ ഏറ്റു വാങ്ങിയിട്ടുണ്ടാവില്ല. ജര്‍മന്‍ ടീമിന്‍റെ സര്‍വാധിപത്യത്തിന് മുന്നില്‍ ബ്രസീല്‍ എന്ന സ്വപ്ന ടീം തകര്‍ന്നടിയുമ്പോള്‍ ഒരു രാജ്യം മുഴുവന്‍ കരയുകയാണ്.

കളി തുടങ്ങി ആദ്യ നിമിഷങ്ങള്‍ മാത്രം ബ്രസീല്‍ കളിച്ചു എന്നു പറയാം. പതിനൊന്നാം മിനുട്ടില്‍ മുള്ളറുടെ ബൂട്ടില്‍ നിന്നും പിറന്ന ഗോളോടെ തുടങ്ങിയ ഗോള്‍ വർഷം ആദ്യ പകുതിയില്‍ തന്നെ 5 പൂര്‍ത്തിയാക്കി. ആദ്യ ഗോളോടെ തന്നെ തീർത്തും ദുര്‍ബലമായ ബ്രസീലിന്‍റെ പ്രതിരോധ നിര പതറി. പിന്നെ പരസ്പരം ബന്ധമില്ലാത്ത പോലെയുള്ള കളിയായിരുന്നു ബ്രസീലിന്റേത്. ഒരിക്കല്‍ പോലും ജര്‍മന്‍ ഗോള്‍ മുഖത്ത് ഒരു കടന്നാക്രമണം നടത്താന്‍ നെയ്മര്‍ ഇല്ലാത്ത ബ്രസീല്‍ ടീമിനായില്ല. ഹള്‍ക്കും ഫ്രെഡും ഓസ്കറും തീര്‍ത്തും പരാജയമായി. ഇതിനിടയിലൊക്കെ യഥാ സമയം ജര്‍മനി ബ്രസീലിയന്‍ വല കുലുക്കി കൊണ്ടിരുന്നു. തൊണ്ണൂറാം മിനുട്ടില്‍ ഏറെ പരിശ്രമത്തിന് ശേഷം ഓസ്കര്‍ ബ്രസീലിന് വേണ്ടി ഒരാശ്വാസ ഗോള്‍ നേടുമ്പോഴേക്കും 7 ഗോളുകള്‍ എന്ന എക്കാലത്തെയും നാണക്കേടില്‍ ബ്രസീല്‍ എത്തി ചേര്‍ന്നിരുന്നു. ഇരുപത്തി മൂന്നാം മിനുട്ടില്‍ മിറോസാവ് ക്ലോസെ, 24ല്‍ ടോണി ക്രൂസ്, 26ല്‍ വീണ്ടും ക്രൂസ്, 29ല്‍ സാമി ഖേദിര എന്നിങ്ങനെയായിരുന്നു ആദ്യ പകുതിയിൽ. രണ്ടാം പകുതിയില്‍ അറുപത്തി ഒമ്പതാം മിനുറ്റിലും എഴുപത്തി ഒമ്പതാം മിനുറ്റിലും ആന്ദ്രെ ഷൂല്‍രെ വല കുലുക്കി.

david-luiz-epathram

ഇപ്പോള്‍ ബ്രസീലില്‍ എവിടെയും സാമ്പാ സംഗീതമില്ല. ബ്രസീൽ തെരുവുകളിൽ ഹൃദയം തകർന്നു കരയുന്ന, ഫുട്ബോൾ ഒരു വികാരമായി കാണുന്ന ഒരു ജനതയ്ക്ക്, ഈ പരാജയം താങ്ങാവുന്നതിലും അപ്പുറമാണ്.

brazil-fans-crying-epathram

അഭ്യന്തര കലാപം ഫുട്ബോൾ എന്ന വികാരം കൊണ്ട് തടയിട്ട ബ്രസീൽ ജനതയ്ക്ക് കൂടുതൽ കരുത്തു നേടി അരക്ഷിതമായ രാഷ്ട്രീയ അവസ്ഥകൾ മറികടക്കാൻ കഴിയട്ടെ എന്നാണ് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത്.

എവിടെയും വിതുമ്പലിന്റെ നേര്‍ത്ത സ്വരം മാത്രം! ഒരു ജനത ഒന്നാകെ കരയുന്നു. ജര്‍മന്‍ തേരോട്ടത്തില്‍ തകര്‍ന്ന ബ്രസീൽ. ഈ ദുരന്തം താങ്ങാന്‍ ബ്രസീല്‍ ജനതക്ക് കഴിയട്ടെ, അരുതാത്തതൊന്നും സംഭവിക്കാതിരിക്കട്ടെ!

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on സാംബ സംഗീതം നിലച്ചു, ബ്രസീല്‍ നിശ്ശബ്ദമാണ്

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി കോച്ചിംഗ് ക്ലാസ്സ്

July 1st, 2014

al-ethihad-sports-academy-ePathram
അബുദാബി : നാലു വയസ്സു മുതല്‍ 14 വയസ്സു വരെ യുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന അണ്ടര്‍ 14 ഫുട്ബാള്‍ മത്സര ങ്ങൾ അബു ദാബി യിൽ നടന്നു.

rehan-keeprum-winner-of-football-ePathram

അന്തര്‍ദേശീയ തല ത്തില്‍ വിവിധ ക്ലബ്ബു കളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചു കൾ പരിശീലനം നല്കുന്ന അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ ക്യാമ്പു കള്‍ക്ക് ഇതോടെ തുടക്ക മായി.

ഓഗസ്റ്റ് 12, 14 തീയതി കളില്‍ ബാംഗ്ലൂരിൽ നടക്കുന്ന ടൂർണ്ണ മെന്റിൽ ഇന്ത്യന്‍ അണ്ടര്‍ 14 ഫുട്ബാള്‍ ടീമു മായി അബു ദാബി അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി യിലെ കളിക്കാർ ഏറ്റു മുട്ടും.

ethihad-sports-football-team-st-joseph-school-ePathram

ഇത്തിഹാദിന്റെ ആദ്യ ഇലവനില്‍ കളിക്കുന്നവരില്‍ ഒന്‍പതു പേരും മലയാളി കളാ യിരി ക്കും എന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ മാസത്തിൽ ദുബായ്, ദോഹ എന്നിവിട ങ്ങളിലും അല്‍ ഇത്തിഹാദ് അക്കാ ദമി യുടെ പ്രവര്‍ത്തനം ആരംഭിക്കും.

അക്കാദമി യുടെ വേനൽ അവധി ക്യാംപ് 29 മുതല്‍ ഓഗസ്റ്റ് 28 വരെ ജെംസ് വിഞ്ചെസ്റ്റര്‍ സ്കൂള്‍ ഒാഡിറ്റോറിയ ത്തില്‍ നടക്കും.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ക്യാംപിൽ 4 വയസ്സു മുതല്‍ 14 വയസ്സു വരെ യുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കും.

വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ ഇത്തിഹാദ് അക്കാദമി പ്രസിഡന്റും സി. ഇ. ഒ. യുമായ കമറുദ്ദീന്‍, ഹെഡ് കോച്ച് മിഖായേല്‍ സക്കറിയാന്‍, സന്തോഷ് ട്രോഫി മുന്‍ താരവും ഇന്ത്യന്‍ ടീം സെലക്ടറു മായ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി കോച്ചിംഗ് ക്ലാസ്സ്

സുവാറസിനു ഇനി കളിക്കാനാവില്ല

June 28th, 2014

suvarez-bite-epathram

സാവോപോളോ: ഉറുഗ്വയുടെ സൂപ്പർ താരം ലൂയി സുവാറസിനെ ഫിഫ വിലക്കി. ഇറ്റലിക്കെതിരെയുള്ള മത്സരത്തിനിടെ എണ്‍പതാം മിനിറ്റിൽ ജോര്‍ജിയോ ചെല്ലിനിയെ തോളിന് കടിച്ചതിനെ തുടർന്നാണ്‌ വിലക്ക്. ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാലു മാസത്തേക്കും, ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുമാണ് ഫിഫയുടെ വിലക്ക്. കൂടാതെ 66,000 പൗണ്ട് (67 ലക്ഷംരൂപ) പിഴയും. ഇതിന് പുറമെ വിലക്ക് കാലാവധിയില്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സുവാറസിന്റെ വിലക്കോടെ ഉറുഗ്വെന്‍ ലോകകപ്പ് സ്വപ്നത്തിനു മീതെ കരിനിഴൽ വീണു. സുവാറസിന്റെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on സുവാറസിനു ഇനി കളിക്കാനാവില്ല

ലോക ചാമ്പ്യന്‍മാരുടെ വന്‍ വീഴ്ച

June 19th, 2014

spain-defeated-epathram

ബി ഗ്രൂപ്പിന്റെ ആദ്യ റൌണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ കരുത്തരും ലോക ചാമ്പ്യൻമാരും ആയ സ്പെയ്നിന്‍റെ ദയനീയ പരാജയം കാണേണ്ടി വന്നു. പൊതുവെ ഈ ലോക കപ്പില്‍ കരുത്തരെന്നു കരുതിയ വലിയ ടീമുകള്‍ പലതും നന്നായി വിറയ്ക്കുന്ന കാഴ്ചയാണ് ഉണ്ടായത്. പുല്‍ത്തകിടില്‍ മാസ്മരിക പ്രകടനം കാഴ്ച വെയ്ക്കും എന്നു കരുതിയ വമ്പന്‍മാര്‍ പലരും നിറം മങ്ങി. എന്നാല്‍ പ്രതീക്ഷിക്കാത്ത കുറെ മുന്നേറ്റങ്ങളും ഉണ്ടായി.

എടുത്തു പറയാന്‍ ഉള്ള ഒരു കളി കാളപ്പോരുകാരെ വരിഞ്ഞു മുറുക്കി നാണം കെടുത്തി വിട്ട കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ് ആയ ഹോളണ്ടിന്‍റെ വിജയമാണ്. പ്രായം അധികരിച്ച ഡേവിഡ് വിയ്യയോ, ഫെര്ണാഗണ്ടോ ടോറസോ ഫോമിലല്ലാത്തത് സ്പെയിനിനു ദോഷം ചെയ്തു. ഹോളണ്ടിന്റേത് യുവ നിരയായിരുന്നു. ഓറഞ്ച് പട കത്തി കയറിയപ്പോള്‍ സ്പെയിനിന്‍റെ സാധ്യത ഇല്ലാതായി. മുന്നേറ്റത്തില്‍ റോബന്‍, വെസ്ലി സ്‌നൈഡർ‍, വാൻ പേഴ്സി ത്രയം അങ്ങേയറ്റം അപകടകാരി കളായപ്പോള്‍ ലോക ചാംപ്യന്‍മാര്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട തോല്‍വിയില്‍ നാണം കെട്ടു. വാന്‍ പേഴ്സി, ആര്യൻ റോബന്‍ എന്നിവർ അപാര ഫോമിലായപ്പോള്‍ ഇരുവരും എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍ അടിച്ചു കയറ്റി. ഇതില്‍ വാന്‍ പെഴ്സിയുടെ ‘അസാധ്യമായ ഹെഡ്’ എടുത്തു പറയേണ്ട ഒന്നാണ്. ഈ ലോക കപ്പിലെ ഏറ്റവും മികച്ച ഗോള്‍ ഇതാകാനാണ് സാധ്യത.

ഹോളണ്ട് ഓസ്ത്രേലിയ മല്‍സരം ഹോളണ്ടിന് ഒരു ഈസി വാക്കോവര്‍ ആകുമെന്ന് കരുതി എങ്കില്‍ അവര്‍ക്ക് തെറ്റി. ഹോളണ്ടിന്‍റെ എതിരാളികളായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വെല്ലുവിളി 3-2 ന്‌ മറി കടന്നതോടെയാണ് ഓറഞ്ച്‌ പട രണ്ടാം റൗണ്ട്‌ ഉറപ്പിച്ചത്. റോബന്‍ വാന്‍പഴ്‌സിയും ആര്യന്‍ റോബനും ഹോളണ്ടിനായി വല ചലിപ്പിച്ചു. 68-ാം മിനിട്ടില്‍ മെംഫിസ്‌ ഡീപേ അവരുടെ വിജയ ഗോള്‍ കുറിച്ചു. ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി ടിം കാഹിൽ, മിലി ജെഡിനാക്‌ എന്നിവരാണ് സ്‌കോര്‍ ചെയ്‌തത്.

ചിലിയുടെ വരവ് വിജയത്തോടെ യായിരുന്നു. ആദ്യ കളിയില്‍ താരതമ്യേന കരുത്തരല്ലെങ്കിലും ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബി ഗ്രൂപ്പിലെ സ്പെയ്നിന് ഭീഷണിയായി ഉയരുമെന്ന് പറഞ്ഞത് ശരി വെയ്ക്കുന്ന തരത്തിലായിരുന്നു ഇരു ടീമുകളും. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ചിലി ലോക ചാമ്പ്യന്‍മാരെ വീഴ്ത്തിയതോടെ സ്പെയിനിന്റെ ജാതകം എഴുതപ്പെട്ടു. ക്ലോഡിയോ ബ്രാവോ ചിലിയുടെ ഗോള്‍വലയം കാക്കുന്ന ഗോള്‍കീപ്പര്‍ മാത്രമല്ല എന്നും, ചിലിയും ഒരു ലാറ്റിനമേരിക്കന്‍ ശക്തിയാണെന്നും തെളിയിക്കപ്പെട്ടു.

ഈ കൊല്ലത്തെ വന്‍ വീഴ്ചയെന്ന് പറയാവുന്നത് ലോക ചാംപ്യന്‍മാരുടെ ദയനീയ പതനം തന്നെ. രണ്ടു കളികളിലുമായി ഏഴു ഗോളുകള്‍ ആണ് ലോക ചാമ്പ്യന്‍മാരുടെ വലയില്‍ വീണത്. ഗ്രൂപ്പില്‍ ചിലി രണ്ടാം റൌണ്ടില്‍ കടന്നു എന്നുറപ്പായി. ഇനി 23നു നടക്കുന്ന ഹോളണ്ട് ചിലി മല്‍സരത്തിന്റെ ഗതി അനുസരിച്ചു മാത്രമേ ഗ്രൂപ്പ് ചാംപ്യന്‍ ആരെന്നു പറയാനാകൂ.

രണ്ടു കളികള്‍ വീതം തോറ്റ ഓസ്ത്രേലിയ, സ്പെയിന്‍ എന്നിവര്‍ പുറത്തതായി. ഇനി ഇവര്‍ തമ്മിലുള്ള മല്‍സരം അപ്രസക്തമായി. അങ്ങിനെ ബി ഗ്രൂപ്പിന്‍റെ ചിത്രം ഏറെക്കുറെ ഉറപ്പായി. ഇനി ഒന്നും രണ്ടും സ്ഥാനങ്ങൾ ആര്‍ക്കെന്ന് അറിഞ്ഞാല്‍ മതി.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on ലോക ചാമ്പ്യന്‍മാരുടെ വന്‍ വീഴ്ച

ബ്രസൂക്കാ… ക്രോട്ടുകള്‍ വീണു

June 16th, 2014

neymar-goal-epathram

ഇരുപതാം ഫിഫ ലോക കപ്പിന്റെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ വീഴ്ത്തി. സവോ പോളോ അരീന ഡി സ്റ്റേഡിയത്തില്‍ പന്തുരുണ്ടു തുടങ്ങിയതോടെ മഞ്ഞ കടലായി മാറിയ സ്റ്റേഡിയം ആര്‍ത്തിരമ്പി. മഞ്ഞപ്പടയുടെ തുടക്കം മന്ദഗതിയില്‍ ആയിരുന്നു. ബ്രസീല്‍ കാണിച്ച ഉണര്‍വില്ലായ്മ ക്രൊയേഷ്യ ശരിക്കും മുതലെടുത്തു. ബ്രസീലിന്‍റെ ഗോള്‍മുഖത്ത് കിട്ടിയ അവസരം ക്രോട്ടുകള്‍ക്ക് അനുകൂലമായി സെല്‍ഫ് ഗോള്‍ പിറന്നു. പതിനൊന്നാം മിനുട്ടില്‍ സര്‍ണയുടെ പാസ് മാഴ്സലോയുടെ കാലിൽ തട്ടി ഗോളി ജൂലിയസ് സെസാറെ ഞെട്ടിച്ചു കൊണ്ട് വല കുലുക്കിയതോടെ ആദ്യം എല്ലാവരും സ്തബ്ധരായി. മഹാ മല്‍സരത്തില്‍ ആദ്യ ഗോള്‍ സെല്‍ഫ് ആകുക എന്നത് നിരാശ ജനിപ്പിക്കുന്ന കാര്യം തന്നെ. മാത്രമല്ല, ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ടാത്ത ജനതയ്ക്ക് മുന്നില്‍ മഞ്ഞപ്പട പരുങ്ങി. അതോടെ ബ്രസീല്‍ പടയോട്ടം ചടുലമാക്കി. 21 മിനുറ്റില്‍ പൌളീന്യോയും ഉടനടി തന്നെ ഓസ്കാറും നടത്തിയ തുടരെ തുടരെയുള്ള ഷോട്ടുകള്‍ ക്രോട്ടിഷ് ഗോളി പ്ലേറ്റിക്കൊസ തടുത്തെങ്കിലും പിന്നെ ആ ഉഷാര്‍ കണ്ടില്ലെന്നു മാത്രമല്ല മുന്‍കൂട്ടിയുള്ള ചാട്ടം വിനയാകുകയും ചെയ്തു. ഇരുപത്തിയെട്ടാം മിനുട്ടില്‍ നേയ്മര്‍ നടത്തിയ മുന്നേറ്റം ബ്രസീലിനെ സമനിലയിലെത്തിച്ചു. ബോക്സിന് പുറത്തു നിന്നും തൊടുത്തു വിട്ട ഷോട്ട് പ്ലേറ്റിക്കോസക്ക് തടുക്കാനായില്ല. സമനില പിടിച്ചതോടെ സ്റ്റേഡിയം വീണ്ടും ഇളകി മറിയാന്‍ തുടങ്ങി.

അതോടെ കളിയില്‍ ഫൌളുകളും കൂടി. ക്രൊയേഷ്യയിലെ വേര്‍ഡര്‍ കോലുക്കയും ദേയ്റാന്‍ ലവ്റാനും മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ എഴുപതാം മിനുട്ടില്‍ ഇവാന്‍ റാക്കിടിച്ച് പെനാല്‍റ്റി ബോക്സിനകത്ത് ഫൌള്‍ ചെയ്തപ്പോള്‍ ബ്രസീലിന്‍റെ പേടി സ്വപ്നമായ ജപ്പാന്‍കാരന്‍ റഫറി യൂയിച്ചി നിഷിമുറക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ബ്രസീലിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി കിക്ക് നേയ്മര്‍ എടുത്തു. അതോടെ ആദ്യ മല്‍സരത്തില്‍ തന്നെ തുടര്‍ച്ചയായ ആദ്യ രണ്ടു ഗോളുകളും നെയ്മര്‍ നേടി. ബ്രസീലിന് ആത്മ വിശ്വസം വീണ്ടുകിട്ടി. തൊണ്ണൂറാം മിനുട്ടില്‍ ഓസ്കര്‍ നേടിയ ഗോളോടെ ബ്രസീല്‍ ജയം ഉറപ്പിച്ചു. ബ്രസീലിന്‍റെ ഹള്‍ക്കിന് മഞ്ഞക്കാര്‍ഡ് കിട്ടിയത് ബ്രസീലിനെ ഞെട്ടിച്ചു. ഇനി ഹള്‍ക്ക് സൂക്ഷിക്കണം. എന്നാലും ജയം ഉറപ്പിച്ച വഴിയില്‍ കാനറി പക്ഷികള്‍ സ്റ്റേഡിയം നിറഞ്ഞു കൂവി. ബ്രസൂക്ക എന്ന മന്ത്രം അന്തരീക്ഷത്തില്‍ നിറഞ്ഞു.

എന്നാല്‍ ബ്രസീല്‍ ആരാധകര്‍ ആഗ്രഹിച്ച ഒരു മല്‍സരം അവിടെ ഉണ്ടായില്ല. വരാനിരിക്കുന്ന മല്‍സരങ്ങള്‍ ബ്രസീല്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ക്വാര്‍ട്ടറിന് അപ്പുറത്തേക്ക് ഈ കളി നീങ്ങുമോ എന്നു സംശയമാണ്. നേയ്മറും ഹള്‍ക്കും കൂടുതല്‍ ഉണരേണ്ടതുണ്ട്. ഓസ്കറിനെ കൂടുതല്‍ തുറന്നു വിടണം. ഹള്‍ക്കും നേയ്മറും ഓസ്കാറും ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയാല്‍ ഇത്തവണ സാംബാ നൃത്ത ചുവടുകള്‍ ആവേശമാകും.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on ബ്രസൂക്കാ… ക്രോട്ടുകള്‍ വീണു

Page 20 of 38« First...10...1819202122...30...Last »

« Previous Page« Previous « അബുദാബിയില്‍ സഹോദരി സംഗമം
Next »Next Page » ഇറാഖിലെ കശാപ്പിന്റെ ചിത്രങ്ങൾ പുറത്ത് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha