തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി (പി. എഫ്. ഐ.) കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ബന്ധം എന്നുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) കൈമാറി എന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതം എന്ന് കേരള പോലീസ്. ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പ് ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന്‍റെ സോഷ്യല്‍ മീഡിയാ പേജുകളിലും ഇക്കാര്യം പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം ഉണ്ടെന്നും നടപടി എടുക്കാൻ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) ഡി. ജി. പി. യോട് ശുപാർശ ചെയ്തു എന്നുള്ള രീതിയില്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അടിസ്ഥാന രഹിത വാര്‍ത്തകള്‍ എന്നാണ് പോലീസ് അറിയിച്ചത്.
പി. എഫ്. ഐ. യുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ഡി. ജി. പി. ക്ക് കൈമാറി എന്നും പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം എന്‍. ഐ. എ. നടത്തുന്ന തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയത് എന്നും വാർത്തകളില്‍ ഉണ്ടായിരുന്നു.