തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. സ്മാർട്ട് ട്രാവൽ കാർഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പുറത്തിറക്കി. ആർ. എഫ്. ഐ. ഡി. (RFID) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡ് ആണിത്. മുൻകൂറായി പണം അടച്ച് കാര്‍ഡ് റീ ചാർജ്ജ് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയും. പണം അടച്ചു റീ ചാർജ്ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും.
കണ്ടക്ടർക്ക് പണം കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഉള്ള ബുദ്ധിമുട്ടുകള്‍, ചില്ലറ ഇല്ലാതെയുള്ള ബുദ്ധി മുട്ടുകളും പരിഹരിക്കപ്പെടും. കണ്ടക്ടർമാർ, ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്‍റുമാർ എന്നിവർ വഴി ട്രാവല്‍ കാർഡുകൾ ലഭിക്കും.
100 രൂപക്ക് സ്മാർട്ട് ട്രാവൽ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണ്ണമായി ഉപയോഗിക്കുവാനും കഴിയും. 250 രൂപയിൽ കൂടുതൽ തുകക്ക് കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കും.
കാർഡ് വാങ്ങുന്നവർ അപ്പോൾ തന്നെ കാർഡിന്‍റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ബാലൻസ് ഉൾപ്പടെ ഉറപ്പു വരുത്തണം. ഇ. ടി. എം. ഉപയോഗിച്ച് ട്രാവല്‍ കാർഡു കളിലെ ബാലൻസ് പരിശോധിക്കാം. പരമാവധി 2000 രൂപ വരെ ഒരു സമയം റീ ചാർജ്ജ് ചെയ്യാൻ കഴിയും. കാർഡിലെ തുകക്ക് ഒരു വർഷം വാലിഡിറ്റി യും ലഭിക്കും.
ആദ്യഘട്ടത്തിൽ സിറ്റി സർക്കുലർ ബസ്സ് സര്‍വ്വീസു കളില്‍ സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കും. അതിന് ശേഷം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസു കളിലും തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസ്സുകളിലും കാർഡുകൾ ലഭ്യമാക്കും.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക, യാത്ര ക്കാര്‍ക്ക് ടിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെ നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതി ഈ മാസം 29 മുതല്‍ പ്രാബല്ല്യത്തില്‍ വരും.
കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. ആര്‍. ടി. സി. കൺട്രോൾ റൂം മൊബൈൽ : 94470 71021, ലാൻഡ് ലൈൻ 0471-2463799, ടോൾ ഫ്രീ :1800 5994 011 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.