ഓൺലൈൻ തട്ടിപ്പുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശവുമായി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.
വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. അതു കൊണ്ട് അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.
നിങ്ങളുടെ സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ അവർ ആവശ്യപ്പെടുന്ന പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുവാൻ അവർക്ക് കഴിയും.
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.
ഇനി അഥവാ നിങ്ങൾ ഓൺ ലൈൻ സൈബർ തട്ടിപ്പിൽ അകപ്പെട്ടു പണം നഷ്ടപ്പെട്ടു എങ്കിൽ ഒരു മണിക്കൂറിനകം തന്നെ [GOLDEN HOUR ] വിവരം 1930 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം എന്നും പോലീസ് സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചു.
തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.