ദുബായ് : വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് മലബാർ പ്രവാസി (യു. എ. ഇ.) ആവശ്യപ്പെട്ടു. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പ്രകൃതി ദുരന്തമാണ് മുണ്ടക്കൈയിൽ നടന്നത്.
ഒരു ഗ്രാമത്തെ ഒട്ടാകെ ഇല്ലാതാക്കിയ ഉരുൾ പൊട്ടൽ, ദേശീയ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
പുനരധിവാസ പ്രവർത്തികൾക്ക് വിദേശ രാഷ്ട്ര ങ്ങളുടെയും, അന്തരാഷ്ട്ര സംഘടന കളുടെയും സഹായങ്ങൾ ലഭ്യമാകാൻ അത് പ്രയോജന പ്രദമാകും. സ്ഥലത്തെത്തുന്ന പ്രധാന മന്ത്രിയുടെ സന്ദർശന വേളയിലെങ്കിലും ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടാവും എന്നുള്ള പ്രതീക്ഷയിലാണുള്ളത് എന്നും മലബാർ പ്രവാസി ഭാരവാഹികൾ പറഞ്ഞു.
ഇത്തരം പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനും മുൻകരുതലുകൾ എടുക്കാനുമുള്ള ജാഗ്രത കൈ ക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരു കളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരും മുൻ കൈ എടുക്കണം എന്നും യോഗം അഭ്യർത്ഥിച്ചു.
പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മലയിൽ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.