
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ഇ. കെ. നായനാർ അനുസ്മരണത്തിൽ സി. പി. ഐ. (എം). കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ. തോമസ് ഐസക് പങ്കെടുത്തു അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഇ. കെ. നായനാർ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തിൽ സാക്ഷരതാ യജ്‌ഞം, ജനകീയാസൂത്രണം, പ്രവാസികൾക്കായുള്ള സംസ്ഥാന വകുപ്പ്, മുതലായ ജനോപകാര പ്രദമായ പദ്ധതികൾ നടപ്പിലാക്കിയ ദീർഘ വീക്ഷണ മുള്ള ജനകീയ നേതാവ് ആയിരുന്നു മുൻ മുഖ്യമന്ത്രി ഇ. കെ. നായനാർ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഡോ. തോമസ് ഐസക് പറഞ്ഞു.
അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, അഡ്വക്കേറ്റ് അൻസാരി സൈനുദ്ദിൻ, ഡോ. സരിൻ, ശക്തിയുടെ വിവിധ കമ്മിറ്റി-യൂണിറ്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അജിൻ നന്ദിയും പറഞ്ഞു.
ശക്തി തിയ്യറ്റേഴ്സ് സജീവ പ്രവർത്തകനും കെ. എസ്. സി. മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന ടി. എം. അഷ്‌റഫിന്റെ (അഷ്‌റഫ് ചിറക്കൽ) നിര്യാണത്തിൽ അനുശോചനം നടത്തിയാണ് യോഗം അവസാനിച്ചത്. ശക്തി സെക്രട്ടറി എ. എൽ. സിയാദ് അനുശോചന കുറിപ്പ് വായിച്ചു.

























