അബുദാബി : രാജ്യത്തെ ആദ്യ ഇന്ത്യൻ ഫുട് ബോള്‍ ക്ലബ്ബ് അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍
അസോസ്സിയേഷന്‍റെ അംഗീകാരം ലഭിച്ചു.
2023-24 സീസണില്‍ യു. എ. ഇ. യിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബുകളില്‍ ഒന്നായി യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം ലഭിക്കുക വഴി ഇത്തിഹാദ് എഫ്. സി. മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്ലബ്ബ് എന്നുള്ള ബഹുമതി കൂടി അൽ ഇത്തിഹാദ് എഫ്. സി.ക്ക് സ്വന്തം എന്ന് സി. ഇ. ഒ. അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു. എ. ഇ., ബ്രിട്ടണ്‍, ഐറിഷ്, മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലെ ക്ലബ്ബു കള്‍ക്ക് ഒപ്പമാണ് ഡിവിഷന്‍ ത്രീ യില്‍ ഇന്ത്യന്‍ ക്ലബ്ബും കളിക്കുക.
പ്രൊഫഷണല്‍ ഫസ്റ്റ് ടീം സ്‌ക്വാഡിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 20 കളിക്കാര്‍ ഇന്ത്യന്‍ പ്രവാസികളും ബാക്കി പത്ത് കളിക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ളവരും ആയിരിക്കും. ഇന്ത്യന്‍ ദേശീയ ടീമിനായി അണ്ടര്‍ 19 ലെവലില്‍ കളിച്ചിട്ടുള്ള സലില്‍ ഉസ്മാൻ ടീമിൻ്റെ പരിശീലകൻ (എഫ്. എ. ലെവല്‍ 3 കോച്ച്). ഈ സീസണില്‍ 16 ടീമുകളുള്ള ലീഗില്‍ എല്ലാ ആഴ്ചയും ഹോം ആന്‍ഡ് എവേ ക്രമത്തില്‍ മത്സരങ്ങൾ നടക്കും.
അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയാണ് നിലവില്‍ ഇത്തിഹാദ് എഫ്. സി. യുടെ ഹോം ഗ്രൗണ്ട്. യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്ബോള്‍ കളിക്കാന്‍ വേദി ഒരുക്കുക, നല്ല നിലവാരമുള്ള പരിശീലനം ലഭിക്കാനുള്ള അവസരം നല്‍കുക എന്നിവയായിരുന്നു അൽ ഇത്തിഹാദ് ഫുട് ബോൾ ക്ലബ്ബ് രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ലക്‌ഷ്യം എന്നും അറക്കൽ കമറുദ്ധീൻ പറഞ്ഞു.
മുസഫയില്‍ സ്വന്തമായി സ്റ്റേഡിയം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് കമറുദ്ധീന്‍. Instagram