തൃശൂർ : ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന രീതില് തൃശൂർ മെഡിക്കൽ കോളേജിൽ ഒരുക്കിയ കാർഡിയോളജി ഐ. സി. യു. വിന്റെ പ്രവര്ത്തനോല്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ. നിര്വ്വഹിച്ചു. നിലവിലുള്ള കാത് ലാബ് (കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി) ഐ. സി. യു. വിന് പുറമെ ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഐ. സി. യു. ഒരുക്കിയിരിക്കുന്നത്.
ആഴ്ചയിൽ നാല് ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന കാത് ലാബ് പ്രവർത്തനം എല്ലാ ദിവസങ്ങളിലും ലഭ്യമാക്കിയിരുന്നു. എന്നാൽ ഹൃദ്രോഗികളെ പരിചരിക്കുന്നതിന് കൂടുതൽ സൗകര്യം ഒരുക്കേണ്ടി വന്നതിനാലാണ് അധികമായി തീവ്രപരിചരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.
ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല അദ്ധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ബിജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡോ. സിബു മാത്യു നന്ദി പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആർ. എം. ഒ. ഡോ. രണ്ദീപ്, മറ്റു ആശുപത്രി ജീവനക്കാരും സന്നിഹിതരായിരുന്നു.