അബുദാബി : കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഗാസയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്‍കാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഇടപെടൽ അന്താരാഷ്‌ട്ര ശ്രദ്ധ നേടുമ്പോൾ പ്രവാസികൾക്ക് അഭിമാനമായി മലയാളികളുടെ നേതൃത്വത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും മുൻ നിര പങ്കാളിത്തം.
ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിംഗ്സ്, റെസ്പോൺസ് പ്ലസ് ഹോൾഡിംഗും (ആർ. പി. എം.) സർക്കാര്‍ ഏജന്‍സികള്‍ക്ക് കൂടെ ചേര്‍ന്ന് ദൗത്യത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നത്.
ബുർജീൽ മെഡിക്കൽ സിറ്റിയിൽ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ മലയാളി ഡോക്ടർ സൈനുൽ ആബിദീൻ നേതൃത്വം നല്‍കിയ ബുര്‍ജീല്‍ സംഘ ത്തില്‍ ഇരുപതോളം ആരോഗ്യ പ്രവർത്തകര്‍ ഗാസ അതിർത്തിയിലെ അൽ അരിഷിലേക്ക് പോയി. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, എൻ. എം. സി. റോയൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും സംഘത്തിൽ ഉണ്ടായി രുന്നു.
പരിക്കേറ്റരുടെ ആരോഗ്യ നില പരിശോധിച്ച് പ്രാഥമിക പരിചരണം ഉറപ്പാക്കുവാന്‍ വേണ്ടിയാണ് ഈജിപ്ത് അതിർത്തിയിലെ അൽ അരിഷ് എയര്‍ പോര്‍ട്ടില്‍ മെഡിക്കൽ സംഘത്തിന്‍റെ ശ്രമം.
ഇത് പൂർത്തിയാക്കിയ ശേഷം പരിക്കേറ്റവരെ പ്രത്യേക വിമാനത്തിൽ അബുദാബിയില്‍ എത്തിച്ചു. ബുർജീൽ മെഡിക്കൽ സിറ്റി അടക്കമുള്ള ആശുപത്രികളിൽ ഇവർക്ക് അടിയന്തര പരിചരണവും തുടർ ചികിത്സയും ആരംഭിച്ചു.
നിർണ്ണായക മാനുഷിക ദൗത്യത്തിലൂടെ ചികിത്സയും പിന്തുണയും നൽകിയ യു. എ. ഇ. നേതൃത്വത്തിന് ഗാസയിൽ നിന്നും എത്തിയവര്‍ നന്ദി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ചികിത്സക്കു വേണ്ടി അബുദാബിയിൽ എത്തും എന്നും പ്രതീക്ഷിക്കുന്നു.