തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആൻ്റി ബയോട്ടിക് മരുന്നുകൾ വിറ്റാൽ കർശ്ശന നടപടി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഏതെങ്കിലും ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും കുറിപ്പടി ഇല്ലാതെ ആൻ്റി ബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1800 425 31 82 എന്ന ടോൾ ഫ്രീ നമ്പർ മുഖേന പൊതു ജനങ്ങൾക്കും വിവരം നൽകാം.
ആൻ്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കും.
പൊതു ജനങ്ങളും മരുന്ന് വ്യാപാരികളും എ. എം. ആറിനെപ്പറ്റി അവബോധം ഉള്ളവർ ആയിരിക്കണം. ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീ കരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ. എം. ആർ.
അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണു ആൻ്റി ബയോട്ടിക്കുകൾക്ക് എതിരെ പ്രതിരോധ ശേഷി കൈ വരിക്കും. ഇതിനെയാണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്. അശാസ്ത്രീയ ആൻ്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും.
നിശബ്ദ മഹാമാരി എന്നാണ് ലോകാരോഗ്യ സംഘടന എ. എം. ആറിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണപ്പെടും എന്നാണ് പഠന റിപ്പോർട്ട്. PRD , YouTube