
ഷാർജ : പ്രവാസ ലോകത്തു വെച്ച് മരണപ്പെട്ടവരുടെ കഥ പറയുന്ന സലാം പാപ്പിനിശ്ശേരിയുടെ പുസ്തകം ‘കരയിലേക്കൊരു കടൽ ദൂരം’ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി കൊണ്ടാണ് ഡോ. എം പി അബ്ദുസമദ് സമദാനി ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തത്. പ്രസാധകർ : സൈകതം ബുക്സ്
യു. എ. ഇ. യിൽ മരണപ്പെട്ട നിരവധി പേരുടെ ഭൗതിക ശരീരങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുവാൻ നിയമ പരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി.
യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സമദാനി പറഞ്ഞത്. ഈശ്വരീയത യുടെ ഏറ്റവും മനോഹരമായ വ്യാഖാനം എന്ന് ആചാര്യൻ അരുൺ പ്രഭാകരൻ അഭിപ്രായപ്പെട്ടു.
പ്രവാസ ലോകത്തു വെച്ച് മരിച്ചവരുടെ ദേഹം നാട്ടിൽ എത്തിക്കാൻ സാധിക്കാതെ അനാഥമാക്കപ്പെടരുത് എന്നും അങ്ങനെയുള്ളവർക്ക് കൈത്താങ്ങായി എന്നും നില കൊള്ളാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അതുകൊണ്ട് തന്നെ ഈ പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും പ്രവാസികൾക്ക് കരുത്താകുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ICWF ഫണ്ടിലേക്ക് നൽകും എന്നും പുസ്തകത്തിന്റെ രചയിതാവായ സലാം പാപ്പിനിശ്ശേരി വിശദമാക്കി.
ചടങ്ങിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷെയ്ഖ് കാസിം അൽ മുർഷിദി, ശ്രീധരൻ പ്രസാദ്, ബഷീർ അബ്ദുൽ റഹ്മാൻ അൽ അസ്ഹരി, ചാക്കോ ഊളക്കാടൻ, കെ. പി. മുഹമ്മദ് പേരോട്, സംഗീത മാത്യു, ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
* സലാം പാപ്പിനിശ്ശേരിക്ക് സഹൃദയ പുരസ്കാരം
* വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു