മലയാള സിനിമയിലെ മാസ്റ്റര്‍ ഡയറക്ടര്‍ കെ. എസ്. സേതു മാധവന്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗ ബാധിതനായി ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സുബ്രഹ്മണ്യം – ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായി 1927 ൽ പാലക്കാട് ആയിരുന്നു സേതുമാധവന്‍ ജനിച്ചത്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹിത്യ കൃതികള്‍ സിനിമയാക്കിയ കെ. എസ്. സേതു മാധവന്‍ മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രങ്ങള്‍ ഒരുക്കി.
മലയാള സിനിമാ ചരിത്രത്തിലെ നാഴിക ക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ ഈ വിഖ്യാത സംവിധായ കന്റെ സിനിമകളിലൂടെ ആയിരുന്നു കമല്‍ ഹാസ്സന്‍ (കണ്ണും കരളും) സുരേഷ് ഗോപി (ഓടയില്‍ നിന്ന്) എന്നിവര്‍ ബാലനടന്മാരായി അഭിനയ രംഗത്ത് എത്തിയത്.
മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ കെ. എസ്. സേതു മാധവന്റെ മാസ്റ്റര്‍ പീസുകളില്‍ മുന്നില്‍ നില്‍ക്കുന്നു.
സത്യന്‍, പ്രേംനസീര്‍, ശിവജി ഗണേശന്‍, എം. ജി. ആര്‍. തുടങ്ങിയ പ്രമുഖ നടന്മാര്‍ കെ. എസ്. സേതു മാധവന്റെ ചിത്ര ങ്ങളിലൂടെ വൈവിധ്യമാര്‍ന്ന റോളുകളില്‍ വെള്ളിത്തിരയില്‍ എത്തി.
കമല്‍ ഹാസന്‍ ആദ്യമായി നായക വേഷ ത്തില്‍ അഭിനയിച്ചത് കെ. എസ്. ഒരുക്കിയ കന്യാകുമാരി എന്ന സിനിമയിലൂടെ ആയിരുന്നു.
ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, അര നാഴിക നേരം, കരകാണാക്കടൽ, ദാഹം, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, പുനര്‍ജ്ജന്മം, ഓപ്പോൾ, മറുപക്കം, യക്ഷി, ചട്ടക്കാരി, ഓർമ്മകൾ മരിക്കുമോ, നക്ഷത്രങ്ങളേ കാവൽ, വേനല്‍ കിനാവുകള്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
നിരവധി തവണ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍, നന്ദി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ് കൂടാതെ നിരവധി സിനിമാ – സാംസ്കാരിക കൂട്ടായ്മ കളുടേയും പുരസ്കാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 2009-ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരവും കെ. എസ്. സേതുമാധവന് ലഭിച്ചിട്ടുണ്ട്.
– പി. എം. അബ്ദുല്‍ റഹിമാന്‍.