കൊച്ചി : കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തു ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ അണക്കെട്ടിന്‍റെ നാലു ഷട്ടറുകള്‍ 15 സെന്‍റിമീറ്റര്‍ വീതം തുറന്നു. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റൂള്‍ കര്‍വ് പ്രകാരം ജല നിരപ്പ് ക്രമീകരിക്കുവാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് എന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു.