അബുദാബി : മയക്കു മരുന്ന് മാഫിയയുടെ ചതിയില്‍ പെട്ട് ഒരു മാസത്തിലേറെ അബുദാബി അല്‍വത്ബ ജയിലില്‍ കഴിഞ്ഞ എറണാകുളം ചിറ്റൂര്‍ പിഴല സ്വദേശി ഷിജു മാനുവല്‍ മോചിതനായി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇത്രയും പെട്ടെന്നു ഷിജുവിനു മോചനം ലഭിച്ചത്.
അബുദാബിയിൽ ജോലി ചെയ്തിരുന്ന ഷിജു മാനുവല്‍, പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് നാട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് ജൂണ്‍ 18 ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടിയിലായത്.
ഒരു കൂട്ടുകാരന് കൊടുക്കുവാൻ അപരിചിതനായ ഒരാൾ ഷര്‍ട്ടുകളും പുസ്തകങ്ങളും എന്ന് പറഞ്ഞ് നാട്ടിൽ നിന്നും കൊടുത്തേല്പിച്ച പാർസലിൽ മയക്കു മരുന്ന് കണ്ടത്തുകയായിരുന്നു.
അബുദാബി വിമാനത്താവളത്തിലെ പരിശോധനയിലാണ് പാര്‍സലില്‍ മയക്കു മരുന്നാണെന്ന വിവരം ഷിജു അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോൾ ജഡ്ജിയോട് ഷിജു തന്‍െറ നിരപരാധിത്തവും ചതിക്കപ്പെട്ടതും അടക്കം കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേരളാ പോലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ പ്രധാന പ്രതികള്‍ എല്ലാവരും പോലീസ് പിടിയില്‍ ആവുകയും പ്രതികള്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു.
ഷിജു നിരപരാധി ആണെന്ന് വ്യക്തമാക്കിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് അറബിയിലേക്ക് തര്‍ജ്ജമ ചെയ്ത് അബുദാബി പോലീസ് അധികൃതര്‍ക്ക് ഫാക്‌സ് ചെയ്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഷിജുവിനെ വെറുതെ വിട്ടത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും അവസരോചിതമായി സംഭവത്തിൽ ഇടപെട്ടതാണ് ഷിജുവിന്റെ മോചനം സാദ്ധ്യമാക്കിയത്. യാത്രാ രേഖകൾ ശരിയായാൽ ഉടൻ തന്നെ ഷിജു മാനുവൽ നാട്ടിലേക്ക് തിരിക്കും.